മൂന്നാര്‍ കയ്യേറ്റത്തിന്‍റെ പശ്ചാത്തലത്തില്‍ ടാറ്റയ്ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ കടുത്ത നടപടിക്ക് ഒരുങ്ങുന്നു. ടാറ്റയുടെ മൂന്നാര്‍ പാട്ടക്കരാര്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്കാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. അടുത്ത മന്ത്രിസഭായോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് സൂചന.
മൂന്നാറില്‍ ലക്ഷ്മിയിലും ചെണ്ടുവാരയിലും ടാറ്റ നിര്‍മ്മിച്ച രണ്ട് ചെക് ഡാമുകളും അനധികൃതമാണെന്ന് കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ച മന്ത്രിസഭാ ഉപസമിതി കണ്ടെത്തിയിരുന്നു. ഒപ്പം മാട്ടുപ്പെട്ടിയില്‍ കാട്ടാനകളുടെ സഞ്ചാരപാതയും ആദിവാസിവഴികളും അനധികൃതമായി വൈദ്യുതവേലി കെട്ടി അടച്ചതും ഉപസമിതിയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ജലവൈദ്യുത പദ്ധതികളിലേക്കുള്ള നീരൊഴുക്കിനുപോലും തടസമുണ്ടാക്കുന്ന തരത്തിലാണ് ടാറ്റയുടെ ഡാം നിര്‍മ്മാണമെന്നും സമിതി വിലയിരുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കടുത്ത നടപടിക്ക് തന്നെ സര്‍ക്കാര്‍ മുതിരുന്നത്.
പാട്ടവ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കരാര്‍ റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം നടത്തുന്നത്. കയ്യേറ്റപ്രദേശങ്ങള്‍ സന്ദര്‍ശിച്ച മന്ത്രിസഭാ ഉപസമിതി അടുത്ത മന്ത്രിസഭായോഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാകും നടപടി.
എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കരാറായതിനാല്‍ നിയമവിദഗ്ധരുമായും മറ്റും ആലോചിച്ച ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാനാകൂ. കരാര്‍ റദ്ദാക്കുന്നതിന്‍റെ നിയമവശങ്ങള്‍ പരിശോധിക്കാന്‍ നിയമവിദഗ്ധര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം.ആദ്യപടിയെന്ന നിലയില്‍ കയ്യേറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിരത്തി ടാറ്റയില്‍ നിന്ന് വിശദീകരണം ആവശ്യപ്പെടാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.