ജ്യേഷ്ഠന്റെ ചെവി അനുജന്‍ കടിച്ചുതുപ്പി!

വെള്ളി, 11 മാര്‍ച്ച് 2011 (11:15 IST)
PRO
PRO
വാക്കേറ്റത്തെ തുടര്‍ന്ന് ജ്യേഷ്ഠന്റെ ചെവി അനുജന്‍ കടിച്ചുതുപ്പി. അനുജന്‍ കടിച്ചുതുപ്പിയ ചെവിയും എടുത്ത് ആശുപത്രിയിലേക്ക് പാഞ്ഞെത്തിയ ജ്യേഷ്ഠന്‍ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയും ഡോക്‌ടര്‍മാര്‍ ചെവി തുന്നിച്ചേര്‍ക്കുകയും ചെയ്തു. തൊടുപുഴയിലുള്ള മുതലക്കോടത്താണ് ചൊവ്വാഴ്ച രാത്രി ഈ വിചിത്രമായ സംഭവം അരങ്ങേറിയത്. മുതലക്കോടം കനാല്‍ഭാഗത്ത്‌ കൊച്ചുപറമ്പില്‍ ബെന്നി (40)യുടെ ഇടതു ചെവിയാണ്‌ അനുജന്‍ ജോര്‍ജ്ജുകുട്ടി (38) കടിച്ചു പറിച്ച്‌ വഴിയില്‍ കൊണ്ടുപോയി തുപ്പിയത്‌.

വസ്തു ഇടപാടുമായി ബന്ധപ്പെട്ടാണ് ജ്യേഷ്ഠാനുജന്‍‌മാര്‍ തമ്മില്‍ വഴക്ക് ഉണ്ടായത്. അനുജന്‍ ജോര്‍ജ്ജുകുട്ടിയുടെ കട വിറ്റപ്പോള്‍ ജ്യേഷ്ഠന്‍ ബെന്നി ബ്രോക്കറായിരുന്നുവെത്രെ. ജോര്‍ജുകുട്ടിയോട് ബെന്നി ബ്രോക്കറേജ് ചോദിച്ചതാണ് വഴക്കിന് കാരണമായത്. വാക്കേറ്റം കയ്യാങ്കളില്‍ എത്തിയപ്പോള്‍ വീട്ടുകാരും നാട്ടുകാരും ഇടപെട്ട് രണ്ടുപേരെയും പിടിച്ചുമാറ്റുകയായിരുന്നു. തുടര്‍ന്ന് മദ്യഷാപ്പിലേക്ക് പോയ ജോര്‍ജുകുട്ടി മൂക്കറ്റം മദ്യപിച്ച് തിരിച്ച് വീട്ടിലെത്തി.

വീണ്ടും ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായി. തുടര്‍ന്ന് ബെന്നിയെ ജോര്‍ജുകുട്ടി അനങ്ങാനാകാത്ത വിധം കെട്ടിപ്പിടിക്കുകയും ബെന്നിയുടെ ചെവി കടിച്ചുപറിക്കുകയുമായിരുന്നു. വേദനയില്‍ ബെന്നി അലറിവിളിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തി. ഉടന്‍ ബെന്നിയെ വിട്ട ജോര്‍ജുകുട്ടി വഴിയിലേക്കിറങ്ങി ജ്യേഷ്ഠന്റെ ചെവി വായില്‍ നിന്ന് തുപ്പിക്കളഞ്ഞു. തുടര്‍ന്ന് ഓടിപ്പോവുകയും ചെയ്തു.

നാട്ടുകാര്‍ ഉടന്‍ തന്നെ ബെന്നിയെ മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയില്‍ എത്തിച്ചു. ഡോക്‌ടര്‍ പോള്‍ ഏബ്രഹാമിന്റെ നേതൃത്വത്തില്‍ മൂന്നര മണിക്കൂര്‍ നീണ്ട ശസ്‌ത്രക്രിയയിലൂടെയാണ് കടിച്ചുപറിച്ച് വഴിയില്‍ തുപ്പിയ ചെവി തുന്നിച്ചേര്‍ത്തത്‌. ചെവി തിരിച്ചുകിട്ടിയെങ്കിലും ഒരു ഭാഗം കാണാനില്ല എന്ന് ഡോക്‌ടര്‍മാര്‍ പറഞ്ഞു. മദ്യലഹരിയിലായിരുന്ന ജോര്‍ജുകുട്ടി ആ ഭാഗം വിഴുങ്ങിയിട്ടുണ്ടാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ജ്യേഷ്ഠന്റെ ചെവി തുന്നിച്ചേര്‍ക്കുന്നുവെന്ന് അറിഞ്ഞ ജോര്‍ജുകുട്ടി ആശുപത്രിയില്‍ എത്തി ഡോക്‌ടര്‍മാരെ തെറി പറഞ്ഞാണ് അരിശം തീര്‍ത്തത്. ബെന്നിയുടെ മൊഴിയുടെ അടിസ്‌ഥാനത്തില്‍ പോലീസ്‌ കേസ് രജിസ്റ്റര്‍ ചെയ്യുകയും ജോര്‍ജുകുട്ടിയെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക