ജോസ് കെ മാണിയെ വിമര്‍ശിച്ചു; ഷോണ്‍ ജോര്‍ജിനെ യൂത്ത് ഫ്രണ്ടില്‍ നിന്ന് പുറത്താക്കി

ചൊവ്വ, 14 ഏപ്രില്‍ 2015 (15:40 IST)
ജോസ് കെ മാണിക്കെതിരെ വിമര്‍ശനം ഉന്നയിച്ച ഷോണ്‍ ജോര്‍ജിനെ യൂത്ത് ഫ്രണ്ടില്‍ നിന്ന് പുറത്താക്കി. നിലവില്‍ യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ആയിരുന്നു ഷോണ്‍ ജോര്‍ജ്. കഴിഞ്ഞദിവസം കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജോസ് കെ മാണിക്കെതിരെ ഷോണ്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.
 
ഷോണ്‍ ജോര്‍ജ് ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്. കോട്ടയത്തെ പാര്‍ട്ടി ഓഫീസിന് നേരെ കെ എസ് എസി സെക്യുലര്‍ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം, യൂത്ത് ഫ്രണ്ടിലെ ഒരു വിഭാഗം പ്രവര്‍ത്തകരെ ഉപയോഗിച്ച് കെഎം മാണിയുടെ കോലം കത്തിച്ചത് തുടങ്ങി ജോസ് കെ മാണിക്കെതിരെ നടത്തിയ വാര്‍ത്താസമ്മേളനം വരെയുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് നടപടി.
 
ഷോണ്‍ ജോര്‍ജിനെ കൂടാതെ യൂത്ത്‌ഫ്രണ്ട് എം ഭാരവാഹികളായ റിജോ വാളന്തറ, പ്രവീണ്‍ ഉള്ളാട്ട്, ബോബന്‍ തെക്കേല്‍ എന്നിവരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. അതേസമയം കേരള കോണ്‍ഗ്രസ് എമ്മും, യൂത്ത്‌ഫ്രണ്ടും പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണെന്ന് ബോധ്യപ്പെടുത്തുന്ന നടപടിയാണ് ഉണ്ടായിരിക്കുന്നതെന്നും, പാര്‍ട്ടിയിലെ വൃത്തികേടുകള്‍ ചൂണ്ടിക്കാട്ടിയതിലുള്ള നടപടി അംഗീകരിക്കുന്നുവെന്നും ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു.
 
ജോസ് കെ മാണിക്ക് ചുമതല നല്‍കിയ ശേഷം സ്ത്രീപ്രാതിനിധ്യം അനുവദിക്കാതിരുന്നത് മാണി സാറിന്റെ ദീര്‍ഘവീക്ഷണമാണെന്ന് ഷോണ്‍ ജോര്‍ജ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. യൂത്ത് ഫ്രണ്ടിന്റെ ചുമതലകളില്‍ നിന്ന് ജോസ് കെ മാണിയെ മാറ്റണമെന്നും ഷോണ്‍ ആവശ്യപ്പെട്ടിരുന്നു. കോഴ ആരോപണത്തിന് പിന്നില്‍ കോണ്‍ഗ്രസ് എ ഗ്രൂപ്പും കെ ബാബുവുമാണെന്ന് യൂത്ത് ഫ്രണ്ടിന്റെ യോഗങ്ങളില്‍ ജോസ് കെ മാണി പറഞ്ഞിട്ടുണ്ടെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക