ജോര്‍ജിന്റെ പരാമര്‍ശം പുറത്ത് വന്നത് ഒളിക്യാമറയില്‍: സ്പീക്കര്‍
തിങ്കള്‍, 18 മാര്‍ച്ച് 2013 (13:27 IST)
PRO
PRO
ഗൗരിയമ്മയ്ക്കും ടി വി തോമസിനും എതിരേ പി സി ജോര്‍ജ് നടത്തിയ പരാമര്‍ശം പുറത്ത് വന്നത് ഒളിക്യാമറയിലൂടെയാണെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍. ഒരു ചാനല്‍ രഹസ്യ ക്യാമറ വച്ച് സംഭവം പുറത്തുവിടുകയായിരുന്നുവെന്ന് സ്പീക്കര്‍ നിയമസഭയില്‍ അറിയിച്ചു. പരാമര്‍ശങ്ങള്‍ നടന്നത് നിയമസഭയ്ക്ക് പുറത്താണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പി സി ജോര്‍ജ് അതിരുകള്‍ ലംഘിക്കുകയാണെന്ന് സ്പീക്കര്‍ പറഞ്ഞു. ജോര്‍ജിനെതിരേ പ്രതിപക്ഷം നല്‍കിയ പരാതി നിയമസഭയുടെ എത്തിക്സ് കമ്മിറ്റിക്ക് വിട്ടു. എത്തിക്സ് കമ്മിറ്റിക്ക് വിടുന്ന നടപടിയെ പ്രതിപക്ഷം എതിര്‍ത്തു. തുടര്‍ച്ചയായി അതിരുകള്‍ ലംഘിക്കുന്ന ജോര്‍ജിനെതിരേ ഉടന്‍ നടപടി വേണമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു.
ഗൗരിയമ്മക്കും ടിവി തോമസിനുമെതിരെ ജോര്‍ജ് നടത്തിയ വിവാദ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ ജോര്‍ജിനെതിരെ നടപടി വേണമെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ച സ്പീക്കര്‍ സഭാചട്ടങ്ങള്‍ പരിശോധിച്ചതിനുശേഷം നടപടിയെടുക്കുമെന്നാണ് അറിയിച്ചിരുന്നത്.