ജുഡീഷ്യറിയെ ബഹുമാനിക്കുന്നു, ഉത്തരവാദിത്തം ഏറ്റെടുക്കുന്നു: സുധാകരന്‍

വ്യാഴം, 17 ഫെബ്രുവരി 2011 (16:16 IST)
PRO
കൊട്ടാരക്കരയിലെ തന്റെ പ്രസംഗം രാഷ്‌ട്രീയപരമായി ദുരുപയോഗം ചെയ്തെന്ന് കണ്ണൂര്‍ എം പിയും കോണ്‍ഗ്രസ് നേതാവുമായ കെ സുധാകരന്‍. കൊട്ടാരക്കര പ്രസംഗം വിവാദമായ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊട്ടാരക്കര പ്രസംഗം എതിരാളികള്‍ രാഷ്‌ട്രീയമായി ദുരുപയോഗിച്ചു. ജുഡീഷ്യറിയെ ബഹുമാനിക്കുന്നു. കൊട്ടാരക്കര പ്രസംഗത്തില്‍ ആരും വിശദീകരണം ചോദിച്ചിട്ടില്ല. പ്രസംഗത്തിന്റെ എല്ലാ ഉത്തരവാദിത്തവും താന്‍ ഏറ്റെടുക്കുകയാണ്. കാര്യങ്ങള്‍ പാര്‍ട്ടിക്ക് വിശദീകരിച്ചിട്ടുണ്ട്. സോണിയ ഗാന്ധിക്ക് വിശദീകരണം നല്കി. കളങ്കമറ്റ ജുഡീഷ്യറിയുടെ ആവശ്യകത ബോധ്യമുണ്ട്. ജുഡീഷ്യറിയെ ബഹുമാനിക്കുന്നയാളാണ് താന്‍.

തന്റെ പ്രസംഗം ജുഡീഷ്യറിക്കെതിരല്ല, ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കെതിരെയാണ്. ജുഡീഷ്യറിയോട് അളവറ്റ ബഹുമാനമാണ് തനിക്കുള്ളത്. വിവാദമുണ്ടാക്കിയവരുടെ ലക്‌ഷ്യം ജുഡീഷ്യറിയെ ദുര്‍ബലമാക്കുകയായിരുന്നു. കൊട്ടാരക്കര പ്രസംഗത്തിലെ തന്റെ വാക്കുകള്‍ ദുരുപയോഗം ചെയ്യുകയായിരുന്നു. കോടതിയെ താഴ്ത്തിക്കെട്ടാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. താന്‍ എന്താണ് പറഞ്ഞതെന്ന് വെളിപ്പെടുത്തണം എന്ന് പറയാന്‍ മാധ്യമങ്ങള്‍ക്ക് അവകാശമില്ല
.
പറയേണ്ടത് പറയേണ്ട സമയത്ത് പറയും. ജുഡിഷ്യറി ഭരണഘടനാസ്ഥാപനമാണ്. ജഡ്ജിയെന്നാല്‍ കോടതിയല്ല. കോടതി ഒരു തുടര്‍ച്ചയാണ്, എന്നാല്‍ ജഡ്ജിമാര്‍ മാറിമാറി വരും രണ്ടും രണ്ടായി കണ്ടാലേ ജുഡീഷ്യറിയെ കുറ്റമറ്റതാക്കാന്‍ കഴിയുകയുള്ളൂവെന്നും സുധാകരന്‍ പറഞ്ഞു.

പാലോളിക്കെതിരായ കോടതിയലക്‌ഷ്യക്കേസ് ഗൌരവമേറിയതാണ്. പാലോളിക്കെതിരായ കേസ് നിശ്‌ശബ്‌ദമായതില്‍ ദുരൂഹതയുണ്ടെന്നും സുധാകരന്‍ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക