ഈ മാസം 14ന് പൊളിറ്റ്ബ്യൂറോ ചേരുന്ന സമയത്ത് സംസ്ഥാനത്തെ പാര്‍ട്ടി ഓഫീസുകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന മാധ്യമവാര്‍ത്തകള്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നിഷേധിച്ചു. പാര്‍ട്ടി ഓഫീസുകള്‍ പിടിച്ചെടുക്കാന്‍ ശ്രമമുണ്ടെന്നും പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും കരുതിയിരിക്കണമെന്നുമുള്ള നിര്‍ദ്ദേശം താഴേത്തട്ടിലേക്ക് അറിയിച്ചതായുള്ള വാര്‍ത്ത ഭയങ്കരമായ നുണയാണെന്ന് അദ്ദേഹം പറഞ്ഞു. നവകേരള മാര്‍ച്ചിനോട് അനുബന്ധിച്ച് മഞ്ചേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.
ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നില്‍ യു ഡി എഫാണ്. സി പി എമ്മിനെ അറിയുന്ന ആരും ഇത്തരം വാര്‍ത്തകള്‍ വിശ്വസിക്കില്ല. പൊളിറ്റ്ബ്യൂറോ യോഗം ചേരുമ്പോള്‍ ആരെങ്കിലും ഇങ്ങനെയൊക്കെ ചെയ്യും എന്ന് വിശ്വസിക്കുമോ?. ബോധപൂര്‍വം സൃഷ്ടിക്കുന്ന വാര്‍ത്തകളാണിത്.
പല വാര്‍ത്തകളും മാധ്യമങ്ങള്‍ ഭാവനയ്ക്കനുസരിച്ച് ചമച്ചു വിടുന്നതാണ്. പൊലീസ് സ്റ്റേഷനുകളില്‍ സി പി എമ്മുകാര്‍ യോഗം ചേരുന്നു എന്ന് തുടര്‍ച്ചയായി വാര്‍ത്തകള്‍ കൊടുത്തിരുന്നു. അത് ക്ലച്ച് പിടിക്കാതെ പോയത് നമ്മള്‍ കണ്ടതാണ്. പാര്‍ട്ടി ഇപ്പോള്‍ നല്ല രീതിയില്‍ മുമ്പോട്ടു പൊയ്ക്കൊണ്ടിരിക്കുകയാണ്.
മുഖ്യമന്ത്രിസ്ഥാനം വി എസ് അച്യുതാനന്ദന്‍ രാജിവയ്ക്കില്ല. ഇതു സംബന്ധിച്ചുള്ള വാര്‍ത്തകള്‍ വെറും അസംബന്ധ പ്രചരണം മാത്രമാണ്.
കെ പി സി സിയുടെ കേരള രക്ഷായാത്ര തിരുവനന്തപുരത്ത് എത്തുമ്പോള്‍ കേരളത്തില്‍ മാറ്റങ്ങള്‍ സൃഷ്‌ടിക്കപ്പെടുമെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്‌താവന ഒരു പക്ഷേ, ശരിയായിരിക്കാം. അതിന്‍റെ ലക്ഷണങ്ങള്‍ അവരുടെ പാര്‍ട്ടിയില്‍ കാണുന്നുണ്ട്. ചെന്നിത്തലയ്‌ക്കൊപ്പം കോണ്‍ഗ്രസ് സമ്മേളനത്തില്‍ ഡല്‍ഹിയില്‍ എത്തിയ ആള്‍ പറഞ്ഞത് പാര്‍ട്ടിയിലെ തൂപ്പുകാര്‍ക്ക് സീറ്റ് കൊടുക്കരുതെന്നാണ്. അതുകൊണ്ട്, രാജ്യസഭ എം പി സ്ഥാനം ലഭിച്ച വയലാര്‍ രവി പാര്‍ട്ടി ഓഫീസിലെ അടിച്ചുതളിക്കാരനാണെന്ന് കരുതാനാവില്ല - പിണറായി പറഞ്ഞു.
രാജ്യത്തെ പ്രധാന പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചു വിടാനാണ് കോണ്‍ഗ്രസും ബി ജെ പിയും ശ്രമിക്കുന്നത്. യുദ്ധഭ്രാന്ത് സൃഷ്‌ടിക്കാനാണ് ആര്‍ എസ് എസ് ശ്രമം. മുസ്ലീം ലീഗിന്‍റെ ചില നിലപാടുകളും ഇക്കാര്യത്തില്‍ പരിശോധിക്കണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.