ജയരാജന്റെ ആരോപണം ശരിയായിരുന്നു? - കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കുന്ന വെളിപ്പെടുത്തലുമായി സുധാകരൻ

വ്യാഴം, 8 മാര്‍ച്ച് 2018 (18:55 IST)
തനിക്ക് ബിജെപിയിലേക്ക് ക്ഷണം ലഭിച്ചുവെന്ന റിപ്പോർട്ട് സ്ഥിരീകരിച്ച് കോൺഗ്രസ് നേതാവ് കെ സുധാകരൻ. ബിജെപി ദേശീയ സെക്രട്ടറി അമിത് ഷായും എച്ച് രാജയുമായും തനിക്ക് കൂടിക്കാഴ്ച്ച നടത്താൻ ക്ഷണം ലഭിച്ചിരുന്നുവെന്നാണ് സുധാകരന്റെ വെളിപ്പെടുത്തൽ. 
 
ബിജെപി ദേശീയ ഘടകത്തിൽ നിന്നും രണ്ട് തവണ ദൂതന്മാര്‍ തന്നെ വന്നു കണ്ടിരുന്നു. എന്നാൽ, ബിജെപിയിലേക്കില്ലെന്ന നിലപാട് അറിയിച്ചതിനെത്തുടർന്ന് പിന്നീടാരും സമീപിച്ചിട്ടില്ലെന്ന് സുധാകരൻ പറഞ്ഞു. കോണ്‍ഗ്രസ് വിട്ടാല്‍ താന്‍ രാഷ്ട്രീയം അവസാനിപ്പിക്കുമെന്നും സുധാകരന്‍ മീഡിയവണിലെ വ്യൂപോയിന്റില്‍  വ്യക്തമാക്കി.
 
സംഘടനാ രീതികളില്‍ സമഗ്രമായ അഴിച്ചുപണി വേണമെന്ന ആത്മവിമർശനം നടത്താനും സുധാകരൻ തയ്യാറായി. വിധേയത്വമുള്ളവരെ മുകളിലേക്ക് വിടുന്ന രീതിയാണ് കോണ്‍ഗ്രസിന്റെ ശാപം. അതിനാൽ സംഘടാനാസംവിധാനം കുറച്ചു കൂടി ശക്തമാക്കേണ്ടതുണ്ട്. ബിജെപി യും സി പി എമ്മും ഒരു പോലെ ഫാസിസ്റ്റ് സംഘടനകളാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. 
 
മാസങ്ങള്‍ക്ക് മുന്‍പ് സുധാകരൻ  ബി ജെ പിയിലേക്ക് പോകുന്നതായി സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ആരോപിച്ചിരുന്നു. ഇതിന്റെ ഭാഗമായി സുധാകരന്‍ അമിത് ഷായുമായി കൂടിക്കാഴ്ച്ച  നടത്തിയതായും ചെന്നൈയില്‍ ബി.ജെ.പി നേതൃത്വവുമായി രഹസ്യ ചര്‍ച്ച നടത്തിയെന്നും ജയരാജന്‍ ആരോപണത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിനുള്ള മറുപടിയായിട്ടായിരുന്നു സുധാകരന്റെ പ്രതികരണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍