ജന്മവൈകല്യങ്ങള്‍ ഗര്‍ഭാവസ്ഥയില്‍ തന്നെ കണ്ടെത്തണം - മുഖ്യമന്ത്രി

വ്യാഴം, 28 മാര്‍ച്ച് 2013 (13:22 IST)
PRO
PRO
കുട്ടികളിലെ ശാരീരികവും മാനസികവുമായ വൈകല്യങ്ങള്‍ ഗര്‍ഭാവസ്ഥയില്‍ തന്നെ കണ്ടെത്തി പരിഹരിക്കാനുള്ള സംവിധാനം ഊര്‍ജിതമാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ചൈല്‍ഡ് ഡവലപ്മെന്റ് സെന്ററിന്റെ ഗവേണിങ് ബോഡി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികളിലെ ജന്മവൈകല്യങ്ങളും പ്രാരംഭ ദശയില്‍തന്നെ മനസിലാക്കാന്‍ കഴിയണം. ജില്ലാതലങ്ങളില്‍ ഇതിനായി പ്രത്യേക കേന്ദ്രങ്ങള്‍ തുടങ്ങണം. ആവശ്യമായ ചികിത്സകളിലൂടെ ഇത്തരം കുട്ടികളെ സാധാരണ നിലയിലേക്ക് കൊണ്ടുവരാനാകണം. വൈകല്യങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ സംവിധാനങ്ങള്‍ക്കുള്ള ചെലവ് വഹിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. പുനരധിവാസകേന്ദ്രങ്ങളില്‍ നിന്ന് 18 വയസിനുശേഷം പുറത്തുവരുന്ന കുട്ടികളുടെ തുടര്‍ ജീവിതകാര്യത്തിലും പ്രത്യേക ശ്രദ്ധ വേണമെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ചൈല്‍ഡ് ഡവലപ്മെന്റ് സെന്റര്‍ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജീവ് സദാനന്ദന്‍, ഗവേണിങ് ബോഡി അംഗങ്ങളായ ഡോ.എംകെസിനായര്‍, കെഎംഎബ്രഹാം, രാജേഷ് കുമാര്‍ സിന്‍ഹ, ഡിഎംഇ ഡോ.വി ഗീത തുടങ്ങിയവര്‍ സംബന്ധിച്ചു.

വെബ്ദുനിയ വായിക്കുക