കാറപകടത്തില്‍ പരുക്കേറ്റു കോഴിക്കോട്ടെ മിംസ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാര്‍ വെന്റിലേറ്ററില്ലാതെ ശ്വസിച്ചുതുടങ്ങി. ജഗതി ബന്ധുക്കളെ തിരിച്ചറിഞ്ഞതായി വെബ്‌ദുനിയ ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. വെന്റിലേറ്ററില്ലാതെ ഏറെനേരം ശ്വസിക്കാന്‍ കഴിയുന്നുണ്ട്. മയക്കം തെളിഞ്ഞെങ്കിലും പൂര്‍വസ്ഥിതിയിലാകാന്‍ വൈകും എന്നാണ് ആശൂപത്രി അധികൃതര്‍ പറയുന്നത്.
അതിനിടെ, ജഗതി ശ്രീകുമാറിനെ വിദഗ്‌ധ ചികില്‍സയ്‌ക്കായി വെല്ലൂരിലേക്കു മാറ്റുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് അറിയുന്നു. വെല്ലൂര്‍ ക്രിസ്‌ത്യന്‍ മെഡിക്കല്‍ കോളജിനുകീഴിലുള്ള ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോ സയന്‍സസിലേക്കു മാറ്റാനാണ് ആലോചന. ജഗതിയെ വിമാനത്തില്‍ കൊണ്ടുപോകാവുന്ന നില വന്നാല്‍ വെല്ലൂരിലേക്കും മാറ്റും.
അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളും പൂര്‍വസ്ഥിതിയിലേക്ക് വന്നു കൊണ്ടിരിക്കുകയാണ്. കഴുത്തില്‍ ബെല്‍റ്റ് മുറുകി ആഴത്തിലുള്ള മുറിവാണുള്ളത്. എല്ലാം, പൂര്‍ണമായി മാറ്റുന്നതിന് ഇനിയും ദിവസങ്ങളെടുക്കും. ട്യൂബിലൂടെ ഭക്ഷണം നല്‍കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ജഗതിക്ക് ആറുമാസക്കാലം വിശ്രമം വേണ്ടിവരുമെന്നാണ് കരുതപ്പെടുന്നത്.
മാര്‍ച്ച് പത്തിനാണു കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കടുത്തു പാണമ്പ്രയില്‍ കാര്‍ ഡിഡൈറില്‍ ഇടിച്ച് ജഗതിക്കു ഗുരുതരമായി പരുക്കേറ്റത്. രണ്ടു ഘട്ടങ്ങളിലായി ഇദ്ദേഹത്തെ നാലു സര്‍ജറികള്‍ക്ക് വിധേയനാക്കിയിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലയ്‌ക്കു പരുക്കേറ്റതിനാലാണു പുരോഗതി വൈകുന്നതെന്നാണു കരുതുന്നത്.