ചെന്നൈ മലയാളിക്ക് ഇന്ന് തിരുവോണം

ഞായര്‍, 29 ഓഗസ്റ്റ് 2010 (11:33 IST)
PRO
തിരുവോണനാളില്‍ പൂക്കളം ഇടുകയും സദ്യ കഴിക്കുകയും ചെയ്തുവെങ്കിലും ചെന്നൈ മലയാളിക്ക് ശരിക്കുള്ള തിരുവോണം ഇന്നാണ്. കേരളത്തിന് പുറത്തെ ഏറ്റവും വലിയ ഓണാഘോഷത്തിന് ശനിയാഴ്ച ചെന്നൈയില്‍ തിരശീല ഉയര്‍ന്നു. കോണ്‍ഫെഡറേഷന്‍സ് ഓഫ് തമിഴ്നാട് മലയാളി അസോസിയേഷന്‍ (സി ടി എം എ)തമിഴകത്തുള്ള മലയാളികള്‍ക്കു സമര്‍പ്പിക്കുന്ന ആവണിപ്പൂവരങ്ങ് ഐശ്വര്യം നിറഞ്ഞ തിരുവോണക്കാഴ്ചയാണ്.

പൂനമല്ലി റോഡിലെ സെന്‍റ് ജോര്‍ജ് ആംഗ്ലോ ഇന്ത്യന്‍ സ്കൂളില്‍ ആണ് ആവണിപ്പൂവരങ്ങ് നടക്കുന്നത്. ചെന്നൈ കോര്‍പ്പറേഷന്‍ മേയര്‍ എം സുബ്രഹ്മണ്യം പതാക ഉയര്‍ത്തി ആവണിപ്പൂവരങ്ങ് ആഘോഷത്തിന് തുടക്കം കുറിച്ചു. ഓണസദ്യയും കൂട്ടവരയും കളരിപ്പയറ്റും പഞ്ചവാദ്യവും ത്രിത്തായമ്പകയുമായി ഒന്നാം ദിനം മലയാളിത്തം നിറഞ്ഞു നിന്നതായിരുന്നു.വൈകുന്നേരം നടന്ന ആവണിപ്പൂവരങ്ങിന്‍റെ പൊതുസമ്മേളനം തമിഴ്നാട് വിവരവിനിമയ മന്ത്രി പരിതി ഇളംവഴുതി ഉദ്ഘാടനം ചെയ്തു. കേരള വിദ്യാഭ്യാസമന്ത്രി എം എ ബേബി മുഖ്യാതിഥിയായിരുന്നു.

ആവണിപ്പൂവരങ്ങിന്‍റെ രണ്ടാം ദിനമായ ഇന്ന് (ഞയറാഴ്ച) പൂക്കള മത്സരത്തോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് വോളിബോള്‍ ടൂര്‍ണമെന്‍റും സാഹിത്യ സമ്മേളനവും നടക്കും. ഉച്ചയ്ക്ക് ഓണസദ്യയും ഉണ്ടാകും. തുടര്‍ന്ന് പാണ്ടിമേളം, ചിലമ്പാട്ടം, നാദസ്വര കച്ചേരി തുടങ്ങിയ കലാരൂപങ്ങള്‍ അരങ്ങേറും. വൈകുന്നേരത്തെ പൊതുസമ്മേളനം കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വ്യവസായമന്ത്രി എളമരം കരീം, ചലച്ചിത്ര താരങ്ങളായ ശരത് കുമാര്‍, നരേന്‍, ശ്വേത മേനോന്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

തുടര്‍ന്ന് നടക്കുന്ന സംഗീത - നൃത്ത - ഹാസ്യ വിരുന്നില്‍ മധു ബാലകൃഷ്ണന്‍, വിജയ് യേശുദാസ്, മഞ്ജരി, ജ്യോത്സന, വിനീത്, ലക്ഷ്മി ഗോപാലസ്വാമി, ഷംന കാസിം, പ്രവീണ, സലീംകുമാര്‍ എന്നിവരെത്തും. തുടര്‍ന്ന് സാവിയോയും സംഘവും അവതരിപ്പിക്കുന്ന ഫ്യൂഷന്‍ റോക്ക് മ്യൂസികും കരിമരുന്ന് പ്രയോഗവും നടത്തും.

വെബ്ദുനിയ വായിക്കുക