ചാല ദുരന്തത്തിന് കാരണമായ ടാങ്കര്‍ ലോറിയുടെ ഉടമയെ അറസ്‌റ്റു ചെയ്യാന്‍ പൊലീസ് തീരുമാനിച്ചു. നാമക്കല്‍ സ്വദേശി ദൊരൈരാജനാണ് ഉടമ. മനപ്പൂര്‍വമല്ലാത്ത നരഹത്യ(304), അശ്രദ്ധമൂലമുള്ള നരഹത്യ (304 എ) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഇയാളെ അറസ്റ്റു ചെയ്യാന്‍ അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
ദൊരൈരാജിന്റെ ഉടമസ്‌ഥതയിലുള്ള ടാങ്കര്‍ ലോറി ഐഒസി വാടകയ്‌ക്ക് എടുത്തതായിരുന്നു. പാചകവാതകം വിതരണം ചെയ്യുന്ന ടാങ്കറുകളില്‍ രണ്ട് ഡ്രൈവര്‍മാര്‍ വേണം. ഇവരെ കൂടാതെ രണ്ടു പേരെകൂടി സ്റ്റാന്‍ഡ് ബൈ ആയി നിര്‍ത്തണമെന്നും വ്യവസ്ഥയുണ്ട്. എന്നാല്‍ ഉടമ ഇത് ലംഘിച്ചെന്ന് പൊലീസ് കണ്ടെത്തി. അപകടം നടന്ന ടാങ്കറില്‍ കണ്ണയ്യന്‍ എന്ന ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഉടമയുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ വീഴ്‌ചയായാണ് പൊലീസ് ഇതിനെ കാണുന്നത്.
അപകടത്തില്‍പ്പെട്ട ടാങ്കര്‍ 1999ല്‍ റജിസ്റ്റര്‍ ചെയ്തതാണ്. ഇത്രയും കാലപ്പഴക്കമുള്ള വാഹനം പാചക വാതകം കൊണ്ടുപോകാന്‍ ഉപയോഗിക്കരുതെന്നും വ്യവസ്ഥയുണ്ട്. ഈ വാഹനത്തിന് അനുമതി നല്‍കിയ ഐ ഒ സിക്കെതിരെയും കേസെടുക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.