ചാല ദുരന്തം: മരണം പത്തൊന്‍പതായി

ഞായര്‍, 2 സെപ്‌റ്റംബര്‍ 2012 (12:47 IST)
PRO
PRO
ചാല ബൈപ്പാസില്‍ ടാങ്കര്‍ ലോറി മറിഞ്ഞതിനെ തുടര്‍ന്നുണ്ടായ പൊട്ടിത്തെറിയില്‍ മരണം പത്തൊന്‍പതായി. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന റിസ്വാനാണ് അവസാനമായി മരിച്ചത്. ചാല നവനീതം വീട്ടില്‍ ലതയും ദേവി നിവാസില്‍ പ്രകാശിന്‍റെ ഭാര്യ റെജിനയും ഞായറാഴ്ച രാവിലെ മരിച്ചിരുന്നു. അപകടത്തില്‍ ചികിത്സയിലായിരുന്ന അഞ്ച് പേര്‍ ശനിയാഴ്ച മരിച്ചിരുന്നു.

തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെ ചാല ക്ഷേത്രത്തിനു സമീപമാണു സംഭവം നടന്നത്. മംഗലാപുരത്തു നിന്നു കൊച്ചിയിലേക്കുള്ള ടാങ്കര്‍ ലോറി ഡിവൈഡറില്‍ തട്ടി മറിഞ്ഞാണ് അപകടം ഉണ്ടായത്. ഡിവൈഡറില്‍ റിഫ്ളക്റ്റര്‍ ഉണ്ടായിരുന്നില്ല. അപകടം നടന്നയുടന്‍ തന്നെ ടാങ്കറിന്‍റെ ഡ്രൈവര്‍ കണ്ണയ്യന്‍ ഓടി രക്ഷപെട്ടു.

ഇയാള്‍ പിന്നീട് പൊലീസില്‍ കീഴടങ്ങി. തമിഴ്‌നാട് സേലം സ്വദേശിയാണ് കണ്ണയ്യന്‍. ഇടതുവശത്തുകൂടെ മീന്‍ ലോറി മറികടക്കാന്‍ ശ്രമിച്ചതാണ് അപകടകാരണമെന്ന് കണ്ണയ്യന്‍ പോലീസിന് മൊഴി നല്‍കി. കണ്ണൂര്‍ ഡി വൈ എസ് പി പി സുകുമാരന്റെ നേതൃത്വത്തിലുള്ള സംഘം ദുരന്തസ്ഥലത്ത് തെളിവെടുപ്പ് നടത്തി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പത്തുലക്ഷം രൂപ വീതം സര്‍ക്കാര്‍ ധനസഹായം അനുവദിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക