ബാര്‍ കോഴ സംബന്ധിച്ച ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് നിരവധി പ്രമുഖര്‍ തന്നെ ഫോണില്‍ വിളിച്ചിരുന്നെന്ന് ബിജു രമേശ് പറഞ്ഞു. വിളിച്ചവരില്‍ മിക്കവരും കോഴ ആരോപണം സംബന്ധിച്ച കടുത്ത നിലപാടില്‍ നിന്നും പിന്മാറണം എന്നാണ് ആവശ്യപ്പെട്ടത്. ഇവരില്‍ പലരുമായും അടുത്ത വ്യക്തിബന്ധം പുലര്‍ത്തുന്നതിനാല്‍ അവരുടെ പേരുകള്‍ തത്ക്കാലം പറയുന്നില്ലെന്നും ബിജു പറഞ്ഞു.
ചാനലില്‍ പറഞ്ഞത് മാറ്റിപ്പറയണം എന്നുവരെ ചിലര്‍ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടു. എന്നാല്‍, സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ ഫോണ്‍കോളാണ് തന്നെ ഏറ്റവുമധികം ഞെട്ടിച്ചതെന്ന് ബിജു രമേശ് പറഞ്ഞു. ചാനല്‍ ചര്‍ച്ചകളില്‍ ബാര്‍ കോഴയില്‍ തനിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയായിരുന്നു പി സി ജോര്‍ജ്. എന്നാല്‍ അദ്ദേഹം പറഞ്ഞത് കേട്ട് താന്‍ ശരിക്കും ഞെട്ടിയെന്നാണ് ബിജു പറയുന്നത്.
കോഴ ആരോപണത്തില്‍ നിന്നും അല്‍പ്പം പോലും പിന്നോട്ടു പോകരുതെന്ന് ആയിരുന്നു സര്‍ക്കാര്‍ ചീഫ് വിപ്പ് ആവശ്യപ്പെട്ടത്. ചാനല്‍ ചര്‍ച്ചയില്‍ മാണിസാറിന്റെ കൂടെ നിന്നിട്ട് എന്തിനാ ഇപ്പോള്‍ ഇങ്ങനെ പറയുന്നത് എന്നുള്ള തന്റെ ചോദ്യത്തിന്, അതൊക്കെ നേരിട്ടു പറയാമെന്നും നിലവില്‍ വിഷയം എത്രയും ചൂടുപിടിപ്പിക്കണം എന്നുമായിരുന്നു പി സി ജോര്‍ജിന്റെ മറുപടി.