ചലച്ചിത്ര നിര്‍മ്മാതാവ് പാവമണി അന്തരിച്ചു

ചൊവ്വ, 31 ഓഗസ്റ്റ് 2010 (19:33 IST)
പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവ് എസ് പാവമണി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ അഞ്ചേ മുക്കാലോടെയായിരുന്നു അന്ത്യം. 78 വയസായിരുന്നു. സംസ്‌കാരം നാളെ രാവിലെ 11 മണിക്ക്.

സാമുവേല്‍ ജെ പാവമണിയുടെയും ആലീസിന്‍റെയും മകനായ പാവമണി 1959 ലാണ് സഹോദരന്‍ എസ് എല്‍ പാവമണിക്കൊപ്പം ചലച്ചിത്ര വിതരണരംഗത്തെത്തിയത്. ഹിന്ദി ചിത്രങ്ങള്‍ വിതരണം ചെയ്തായിരുന്നു തുടക്കം.

1972 ല്‍ എ വിന്‍സന്‍റ് നിര്‍മിച്ച് സംവിധാനം ചെയ്ത ചെണ്ട എന്ന ചിത്രം വിതരണം ചെയ്ത് മലയാള ചലച്ചിത്ര വിതരണ രംഗത്ത് സജീവമായി. ഷീബ ഫിലിംസ്, സിതാര, അജന്ത, നവശക്തി എന്നീ പേരുകളിലായിരുന്നു വിതരണ കമ്പനികള്‍. വിവിധ ഭാഷകളിലായി ഇരുന്നൂറിലേറെ ചിത്രങ്ങള്‍ വിതരണം ചെയ്തു.

1978 ല്‍ ഓള്‍ കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ സ്ഥാപക ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1975 ല്‍ പ്രതാപ് ചിത്ര എന്ന ബാനറില്‍ ചലച്ചിത്ര നിര്‍മാണകമ്പനി തുടങ്ങി. അയോധ്യ, ആയിരം ജന്മങ്ങള്‍, അപരാധി, വിളക്കും വെളിച്ചവും, പൊന്നും പൂവും, കളിയില്‍ അല്‍പം കാര്യം, ഉയരങ്ങളില്‍ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചു. ഷെര്‍ളിയാണ് പാവമണിയുടെ ഭാര്യ. പ്രതാപ്, ഷീബ എന്നിവരാണ് മക്കള്‍. ഛായാഗ്രാഹകന്‍ ജയാനന്‍ വിന്‍സന്‍റ് മരുമകനാണ്.

വെബ്ദുനിയ വായിക്കുക