മന്ത്രിസഭയിലേക്കില്ലെന്ന നിലപാടില്‍ കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല ഉറച്ചു നില്‍ക്കുന്നു. എഐസിസി സെക്രട്ടറി മുകുള്‍ വാസ്നികിനെ ചെന്നിത്തല ഇക്കാര്യം അറിയിക്കുമെന്നാണ് സൂചന. കേരളത്തിലെ മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചകള്‍ ഉദ്ദേശിക്കുന്ന ഫലം കാണുന്നില്ലെന്ന് സൂചന.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ചെന്നിത്തല കൂടിക്കാഴ്ച നടത്തില്ലന്നാണ് അറിയിച്ചിരുന്നതെങ്കിലും മുകുള്‍ വാസ്‌നിക്കിന്റെ മധ്യസ്ഥതയില്‍ കൂടിക്കാഴ്ച നടന്നേക്കും. സോണിയ ഗാന്ധിയെ കാണാന്‍ ചെന്നിത്തല ഇതുവരെ സമയം ചോദിച്ചിട്ടില്ല. പ്രധാനമന്ത്രി മന്മോഹന്‍ സിംഗുമായി ചെന്നിത്തല കൂടിക്കാഴ്ച നടത്തുകയാണ്.
മുകുള്‍ വാസ്‌നിക്കുമായി ചെന്നിത്തല ശനിയാഴ്ച നീണ്ട ചര്‍ച്ചനടത്തിയിരുന്നു. സോളാര്‍പ്രശ്‌നം വഷളായിരിക്കേ മന്ത്രിസഭയില്‍ ചേരുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്നാണ് രമേശ് വിഭാഗം .സോളാര്‍ വിഷയവും മന്ത്രിസഭാ പ്രവേശനവും രണ്ടാണെന്നാണ് രമേശിന്റെ നിലപാട്.
ഞായറാഴ്ച രാത്രി ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതിരോധ മന്ത്രി എ.കെ ആന്റണിയുമായും, തിങ്കളാഴ്ച രാവിലെ വയലാര്‍ രവിയുമായും മുകുള്‍ വാസ്‌നിക്കുമായും കൂടിക്കാഴ്ച നടത്തി. സോണിയയെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കാണുന്നുണ്ട്.
രമേശ് മന്ത്രിസഭയില്‍ ചേരേണ്ടതില്ലെന്ന അഭിപ്രായം ഐ ഗ്രൂപ്പിനുമുണ്ട്. അതേസമയം, ഹൈക്കമാന്‍ഡിന്റെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമാണ്. രമേശ് മന്ത്രസഭയില്‍ ചേരാന്‍ നിര്‍ദ്ദേശിച്ചാല്‍ അതിനെ തള്ളിക്കളയാന്‍ രമേശിനാകില്ല.