ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസിലെ പ്രതി ചന്ദ്രമതിയെ തേടി ക്രൈംബ്രാഞ്ച് ബാംഗ്ലൂരിലേക്ക് പോകാന്‍ തീരുമാനിച്ചു. കേസിലെ മറ്റ് മൂന്ന് പ്രതികള്‍ കൂടി കേരളം വിട്ടതായി ക്രൈംബ്രാഞ്ചിന് സൂചന കിട്ടിയിട്ടുണ്ട്.
കേസിലെ സുപ്രധാന കണ്ണിയാണ് ചന്ദ്രമത്രി. ഇവരെ ഇനിയും അറസ്റ്റ് ചെയ്യാന്‍ കഴിയാത്തത് ക്രൈംബ്രാഞ്ചിന്‍റെ വീഴ്ചയായി ആരോപണം ഉയര്‍ന്നിരുന്നു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടപ്പോള്‍ തെക്കന്‍ കേരളത്തില്‍ ഉണ്ടായിരുന്ന ചന്ദ്രമതി പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോഴാണ് കേരളം വിട്ടത്.
സഹോദരങ്ങള്‍ അടക്കം നിരവധി ബന്ധുക്കള്‍ ബാംഗ്ലൂരില്‍ ചന്ദ്രമതിക്കുണ്ട്. അതിനാല്‍ അവരിവിടെ ഉണ്ടാകുമെന്നാണ് ക്രൈംബ്രാഞ്ചിന് കിട്ടിയ വിവരം. കേസിലെ മറ്റ് പ്രതികളായ പ്രമോദ് ഐസക്, ലക്ഷ്മി മോഹന്‍, ലില്ലി എസ്.നായര്‍ എന്നിവരും കേരളം വിട്ടതായി ക്രൈംബ്രാഞ്ചിന് വിവരം കിട്ടിയിട്ടുണ്ട്.
അതിനിടെ ശബരിനാഥിന്‍റെ അഭിമുഖം സംപ്രേഷണം ചെയ്ത ചാനല്‍ പ്രവര്‍ത്തകര്‍ക്കെതിരെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് നീക്കം തുടങ്ങി. ടോട്ടല്‍ സ്ഥാപനങ്ങളില്‍ 40 ലക്ഷം രൂപയ്ക്ക് മുകളില്‍ നിക്ഷേപിച്ചവരെപ്പറ്റി ആദായനികുതി വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അഞ്ച് ലക്ഷം രൂപയ്ക്ക് താഴെ നിക്ഷേപിച്ചവരാണ് ഇതുവരെ പരാതി നല്‍കിയവരില്‍ ഭൂരിഭാഗവും. എന്നാല്‍ ഇടപാടുകാരില്‍ കോടികള്‍ നിക്ഷേപിച്ച പ്രമുഖരുമുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ആദായനികുതി വകുപ്പ് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.
ഇതോടെ ശബരിനാഥിന്‍റെ സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തിയ പലരുടെയും വിവരങ്ങള്‍ പുറത്തുവരും.