ഒടുവില്‍ ഗോകുലം ഗോപാലന്‍റെ വെല്ലുവിളി വെള്ളപ്പള്ളി നടേശന്‍ സ്വീകരിച്ചു. എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മല്‍സരിച്ച് ഗോകുലം ഗോപാലന്‍ 25 ശതമാനം വോട്ട് നേടിയാല്‍ താന്‍ അദ്ദേഹത്തിനു സ്ഥാനം കൈമാറുമെന്ന് വെള്ളാപ്പള്ളി നടേശന്‍. ആണത്തമുണ്ടെങ്കില്‍ തന്നോടു മത്സരിക്കാനും വെള്ളാപ്പള്ളി വെല്ലുവിളിച്ചു.
എസ് എന്‍ ഡി പി യോഗം ഭാരവാഹികളുടെ തെരഞ്ഞെടുപ്പില്‍ താന്‍ വെള്ളാപ്പള്ളിക്കെതിരെ മത്സരിക്കുമെന്ന് ഗോകുലം ഗോപാലന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആ വെല്ലുവിളി ഒട്ടും ആവേശം ചോരാതെയാണ് വെള്ളാപ്പള്ളി സ്വീകരിച്ചത്.
“ഗോകുലം ഗോപാലന്‍ ഒളിപ്പോര് നിര്‍ത്തണം. ഗോപാലന് ആണത്തമുണ്ടെങ്കില്‍, പൌരുഷമുണ്ടെങ്കില്‍, മുഖത്ത് മീശയുള്ള ആണാണെങ്കില്‍ എനിക്കെതിരെ മത്സരിക്കട്ടെ. ഒമ്പതിനായിരത്തോളം വോട്ടാണ് എസ് എന്‍ ഡി പി യോഗം തെരഞ്ഞെടുപ്പില്‍ ഉള്ളത്. ജനറല്‍ സെക്രട്ടറിയായി താന്‍ ജയിക്കുമെന്നാണ് ഗോപാലന്‍ പറയുന്നത്. ജയിക്കുന്നതു പോകട്ടെ, 25 ശതമാനം വോട്ടെങ്കിലും ഗോപാലന് നേടാന്‍ കഴിഞ്ഞാല്‍ ഞാന്‍ സെക്രട്ടറി സ്ഥാനം അദ്ദേഹത്തിന് കൈമാറാന്‍ തയ്യാറാണ്” - വെള്ളാപ്പള്ളി പറഞ്ഞു.
മാപ്പു പറഞ്ഞ് തിരിച്ച് വന്നാല്‍ ഗോപാലന്‍ ഉള്‍പ്പെടെയുള്ളവരെ യോഗത്തില്‍ തിരിച്ചെടുക്കും. യോഗം തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടിക കോടതി തടഞ്ഞുവെന്ന വാര്‍ത്ത ശരിയല്ലെന്നും വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുമെന്നും വെള്ളാപള്ളി അറിയിച്ചു.