ഗതാഗതമന്ത്രിയുടെ രാജി: തീരുമാനം ഇന്ന്

ചൊവ്വ, 17 മാര്‍ച്ച് 2009 (09:48 IST)
ഗതാഗതമന്ത്രി മാത്യു ടി തോമസിന്‍റെ രാജി സ്വീകരിക്കുന്ന കാര്യത്തില്‍ ഇടതുമുന്നണി ഇന്ന് അന്തിമ തീരുമാനമെടുക്കും. ലോക്സഭ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സീറ്റ് ജനതാദളിന് നല്‍കാത്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി നിര്‍ദ്ദേശപ്രകാരമാണ് തിങ്കളാഴ്ച രാത്രി മന്ത്രി മുഖ്യമന്ത്രിക്ക് രാജി നല്കിയത്.

തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സീറ്റ് ദളിന് നല്‍കില്ലെന്നും, കോഴിക്കോട് സീറ്റില്‍ സി പി എം മത്സരിക്കുമെന്നും ഇന്നലെ വൈകുന്നേരമാണ് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ജനതാദള്‍ നേതൃത്വത്തെ ഔദ്യോഗികമായി അറിയിച്ചത്.

അതിനെ തുടര്‍ന്ന്, ജനതാദള്‍ സംസ്ഥാന അധ്യക്ഷന്‍ എം പി വീരേന്ദ്രകുമാര്‍ ഗതാഗതമന്ത്രിയെ വിളിച്ച് മന്ത്രിസ്ഥാനം രാജി വെക്കാ‍ന്‍ ആവശ്യപ്പെടുകയായിരുന്നു.കോഴിക്കോട് സീറ്റ് ലഭിച്ചില്ലെങ്കില്‍ മന്ത്രി സ്ഥാനം രാജിവെയ്ക്കുമെന്ന് നേരത്തെ ജനതാദള്‍ തീരുമാനമെടുത്തിരുന്നു.

ഇന്നലെ രാത്രി എട്ടുമണിയോടെ തന്‍റെ ഔദ്യോഗിക വാ‍ഹനത്തില്‍ എത്തി മാത്യു ടി തോമസ് മുഖ്യമന്ത്രിക്ക് രാജി നല്‍കുകയായിരുന്നു. രാജി നല്‍കിയതിനു ശേഷം മുഖ്യമന്ത്രിയുമായി പത്തു മിനിറ്റ് നേരം സ്വകാര്യ ചര്‍ച്ച നടത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക