ഗണേശിന് അവിഹിതബന്ധമെന്ന് പി സി ജോര്‍ജ്; ആരോപണത്തിന് പിന്നില്‍ പിള്ളയെന്ന് ഗണേഷ്

ഞായര്‍, 3 മാര്‍ച്ച് 2013 (16:12 IST)
PRO
PRO
മന്ത്രി കെ ബി ഗണേഷ് കുമാര്‍ രാജിവയ്ക്കണമെന്ന ആവശ്യവുമായി ചീഫ് വിപ്പ് പി സി ജോര്‍ജ് രംഗത്ത്. അവിഹിത ബന്ധം ആരോപിച്ച് സംസ്ഥാനത്തെ ഒരു മന്ത്രിയെ കാമുകിയുടെ ഭര്‍ത്താവ് ഔദ്യോഗിക വസതിയില്‍ കയറി മര്‍ദിച്ചുവെന്ന് വാര്‍ത്ത ഒരു ദിനപത്രം പുറത്തുവിട്ടിരുന്നു. മര്‍ദ്ദനമേറ്റ മന്ത്രി ഗണേഷാണെന്ന് പി സി ജോര്‍ജ് ആരോപിച്ചു.

എന്നാല്‍ ആരോപണം ഗണേഷ് കുമാര്‍ നിഷേധിച്ചു. പി സി ജോര്‍ജിനെതിരെ കേസെടുക്കുമെന്നും നെല്ലിയാമ്പതിയിലെ നിലപാട് കാരണമാണ് തനിക്കെതിരെ ഇത്തരമൊരു ആരോപണവുമായി ജോര്‍ജ് രംഗത്തെത്തിയതെന്നും ഗണേഷ് പറഞ്ഞു. അച്ഛനായ ബാലകൃഷ്ണ പിള്ളയാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് സംശയിക്കുന്നതായും ഗണേഷ് കൂട്ടിച്ചേര്‍ത്തു.

വനംമന്ത്രി ഗണേഷ് കുമാറിനെതിരെ ഉയര്‍ന്ന സ്വഭാവദൂഷ്യ ആരോപണങ്ങളുടെ സാഹചര്യത്തില്‍ മന്ത്രി ഗണേഷ് കുമാറിന്റെ ഭാര്യ യാമിനി തങ്കച്ചി കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ബാലകൃഷ്ണപിള്ളയുമായി കൂടിക്കാഴ്ച്ച നടത്തി. തിരുവനന്തപുരം തമ്പാനൂരിലുള്ള കേരള കോണ്‍ഗ്രസിന്റെ പാര്‍ട്ടി ഓഫിസിലായിരുന്നു കൂടിക്കാഴ്ച്ച. ഗണേഷിന്റെ മക്കളും കൂട്ടത്തില്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അതേസമയം ആരോപണത്തെ കുറിച്ച് പ്രതികരിക്കാന്‍ ഇല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

മറ്റ് മന്ത്രിമാരുടെ ധാര്‍മ്മികതയെയും വിശ്വാസ്യതയെയും സംബന്ധിച്ച വിഷയമായതിനാല്‍ ഗണേഷ് കുറ്റ സമ്മതം നടത്തണമെന്നും മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്നുമാണ് ജോര്‍ജിന്റെ നിലപാട്.

വെബ്ദുനിയ വായിക്കുക