കോണ്‍ഗ്രസിലേക്ക് തിരികെ പോകാന്‍ തനിക്ക് ആഗ്രഹമു ണ്ടെന്ന് കെ മുരളീധരന്‍. കോണ്‍ഗ്രസില്‍ തിരിച്ചെത്തിയാല്‍ എ കെ ആന്‍റണിയുടെ പ്രവര്‍ത്തനശൈലിയായിരിക്കും സ്വീകരിക്കുക എന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ വാര്‍ത്താചാനലിന്‍റെ അഭിമുഖത്തിലാണ് മുരളീധരന്‍ മനസ്സു തുറന്നത്.
കോണ്‍ഗ്രസില്‍ തിരികെയെത്തിയാല്‍ രണ്ടുവര്‍ഷത്തേക്ക് തനിക്ക് പദവികളൊന്നും വേണ്ട. കോണ്‍ഗ്രസിലെത്തിയാല്‍ ഗ്രൂപ്പ് പ്രവര്‍ത്തനം നടത്തുകയോ, അധികാരം കിട്ടാന്‍ ശ്രമിക്കുകയോ ചെയ്യില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടുണ്ടെങ്കില്‍ യു ഡി എഫിന് ചെയ്യും. ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫിനു വേണ്ടി പ്രവര്‍ത്തിക്കുമെന്നും മുരളീധരന്ന് പറഞ്ഞു. താന്‍ ഒരു സ്ഥാനങ്ങളും ആഗ്രഹിക്കുന്നില്ല. കോണ്‍ഗ്രസില്‍ തിരിച്ചെത്തിയാല്‍ മുന്‍ കെ പി സി സി പ്രസിഡന്‍റ് എന്ന നിലയില്‍ തനിക്ക് യോഗങ്ങളില്‍ പങ്കെടുക്കാന്‍ കഴിയും.
എന്‍ സി പിയുടെ രാഷ്‌ട്രീയോദ്ദേശ്യം അവസാനിച്ചു. ശരദ് പവാര്‍ കൂടി കോണ്‍ഗ്രസിലേക്ക് മടങ്ങുകയാണെങ്കില്‍ അത് കോണ്‍ഗ്രസിന് മുതല്‍ കൂട്ടാകും. കോണ്‍ഗ്രസിലേക്ക് പ്രവേശനം നല്‍കുകയാണെങ്കില്‍ പഴയ തീവ്ര നിലപാടുകള്‍ സ്വീകരിക്കില്ല. തെറ്റു പറ്റാത്തവര്‍ ആരുമില്ല. തെറ്റ് പറ്റിയാല്‍ അത് പൊറുക്കുകയാണ് കോണ്‍ഗ്രസ് നയം.
എന്‍ സി പിയുടെ സംസ്ഥാന അധ്യക്ഷനായി തുടരാന്‍ താല്പര്യമില്ലെന്നും മുരളി വ്യക്തമാക്കി. ശരദ് പവാര്‍ ആവശ്യപ്പെട്ടാലും ഇനി എന്‍ സി പിയില്‍ പദവികളൊന്നും സ്വീകരിക്കില്ല. എന്‍ സി പിയെ മുന്നോട്ടു നയിക്കാമെന്ന ആത്മവിശ്വാസം നഷ്‌ടപ്പെട്ടു. പാര്‍ട്ടിക്കുള്ളില്‍ കടുത്ത നിലപാടെടുത്താല്‍ അവനവന് തന്നെയാണ് ദോഷമെന്ന് നാല് വര്‍ഷം കൊണ്ട് മനസ്സിലായി. മുരളീധരന്‍ ഇനിയും കടുത്ത ഗ്രൂപ്പ് പ്രവര്‍ത്തനം നടത്തുമെന്ന് ആരെങ്കിലും പ്രതീക്ഷിച്ചെങ്കില്‍ അവര്‍ക്ക് തെറ്റിയെന്നും മുരളി പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുമ്പ് യോജിച്ചാല്‍ ജനത്തിന് വിശ്വാസ്യതയുണ്ടകില്ലെന്ന ഉമ്മന്‍ ചാണ്ടിയുടെ അഭിപ്രായത്തോട് യോജിക്കുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ യോജിച്ച് പ്രവര്‍ത്തിച്ച് ജനങ്ങള്‍ക്ക് കാണിച്ചു കൊടുക്കയാണ് വേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു.