വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഭരണവിരുദ്ധവികാരം കോണ്‍ഗ്രസിന് പ്രയോജനപ്പെടുത്താന്‍ കഴിയില്ലെന്ന് എന്‍ സി പി സംസ്ഥാന അധ്യക്ഷന്‍ കെ മുരളീധരന്‍ പറഞ്ഞു. ഷൊര്‍ണൂര്‍ സംഭവം അതാണ് തെളിയിക്കുന്നതെന്നും അദേഹം പ്രസ്താവിച്ചു.
സ്ഥാനാര്‍ത്ഥി ബാഹുല്യം കോണ്‍ഗ്രസിന് തലവേദനയാകും. അതേസമയം, പത്മജ സ്ഥാനാര്‍ത്ഥിയാകുകയാണെങ്കില്‍ തങ്ങളെപ്പോലുള്ള പാര്‍ട്ടിക്ക് അത് നേട്ടമാകും.
കോണ്‍ഗ്രസിനെതിരെ ആരോപണങ്ങള്‍ തൊടുത്തപ്പോള്‍ ഇടതുപക്ഷത്തെ പ്രകീര്‍ത്തിക്കാനും മുരളി മറന്നില്ല. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും, സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പിണങ്ങിപ്പിരിയുമെന്നത് ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും സ്വപ്നം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ഇടതു കക്ഷികള്‍ തങ്ങളുടെ രാഷ്‌ട്രീയ ശത്രുക്കളല്ലെന്നും വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍ ഇടതുമുന്നണി പൊതുസമ്മതനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയാണെങ്കില്‍ എന്‍ സി പി പിന്തുണയ്ക്കുമെന്നും കഴിഞ്ഞ ദിവസം അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇടതുമുന്നണി തങ്ങളെ പുറത്താക്കിയതാണ്. തങ്ങള്‍ അടച്ച വാതില്‍ മുട്ടി വിളിക്കുകയില്ല. അടച്ചവര്‍ തന്നെയാണ് വാതില്‍ തുറക്കേണ്ടത്. കോണ്‍ഗ്രസുകാര്‍ തങ്ങളെ നിരന്തരം അപമാനിക്കുന്നതിനാലാണ് അവര്‍ക്ക് പിന്തുണ നല്കാത്തതെന്നും മുരളി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.