കോടതിയുത്തരവുണ്ടായിട്ടും യുവാവിനെ പരീക്ഷ എഴുതിച്ചില്ല; അധികൃതര്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം
ബുധന്‍, 20 മാര്‍ച്ച് 2013 (16:06 IST)
PRO
കോടതി ഉത്തരവുണ്ടായിട്ടും പരീക്ഷാ ഹാളില്‍ നിന്നും വിദ്യാര്‍ഥിയെ ഇറക്കിവിട്ട സംഭവത്തില്‍ എംജി സര്‍വകലാശാലയ്ക്കും സ്വകാര്യ എന്‍ജിനീയറിംഗ് ആന്റ് മാനേജ്മെന്റ് കോളേജ് അധികാരികള്‍ക്കും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.
കോടതി ഉത്തരവുണ്ടായിട്ടും പരീക്ഷ എഴുതുന്നതില്‍ നിന്നും തടഞ്ഞതിനാല്‍ യുവാവിന് ഹൈക്കോടതിയെ വീണ്ടും സമീപിക്കേണ്ടി വന്നു. ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോന്‍ സര്‍വകലാശാല അധികൃതരുടെ അനാസ്ഥയെയും കോളേജ് അധികാരികളുടെ നടപടിയെയും രൂക്ഷമായി വിമര്‍ശിച്ചത്.
ഹര്‍ജിക്കാരന്‍ ബികോം പരീക്ഷയുടെ ഫലം വരുന്നതിന് മുമ്പ് എംബിഎക്ക് ചേര്‍ന്നു. പരീക്ഷാഫലം വന്നപ്പോള്‍ ഒരു വിഷയത്തിന് തോറ്റതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ കോളേജധികാരികള്‍ പുറത്താക്കാന്‍ നോക്കി. ഇതേത്തുടര്‍ന്നാണ് യുവാവ് ഹൈക്കോടതിയെ ആദ്യം സമീപിച്ചത്.
പുനര്‍മൂല്യനിര്‍ണയത്തിന്റെ ഫലം വന്നപ്പോള്‍ യുവാവ് വിജയിച്ചിരുന്നു. ഹര്‍ജിക്കാരന്‍ എഴുതിയ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിന്റെ മാര്‍ക്ക്ലിസ്റ്റ് എത്രയും വേഗം കോളേജില്‍ നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.
സര്‍വകലാശാല ഇക്കാര്യത്തില്‍ വലിയ കാലതാമസം വരുത്തി. യുവാവില്‍ നിന്നും അമ്പതിനായിരം രൂപ സെമസ്റ്റര്‍ ഫീസ്, പരീക്ഷാ ഫീസ് എന്നീ ഇനങ്ങളില്‍ കോളേജധികാരികള്‍ വാങ്ങിയിരുന്നു.
മാര്‍ക്ക് ലിസ്റ്റ് ലഭിക്കാന്‍ കാലതാമസം നേരിട്ടതിനാല്‍ യുവാവിനെ പരീക്ഷ എഴുതിക്കാന്‍ അനുവദിക്കില്ലെന്ന് കോളേജധികാരികള്‍ വ്യക്തമാക്കി. മാത്രമല്ല മാര്‍ച്ച് 15ന് ഒന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതാനെത്തിയ യുവാവിനെ പരീക്ഷ തുടങ്ങി അരമണിക്കൂറിന് ശേഷം പ്രിന്‍സിപ്പാള്‍ പരീക്ഷാ ഹാളില്‍ നിന്നും പുറത്താക്കി.
യുവാവ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. സര്‍വകലാശാലയുടെയും കോളേജധികൃതരുടെയും നടപടിയെ ശക്തമായി വിമര്‍ശിച്ച കോടതി 19ന് പരീക്ഷ എഴുതാന്‍ യുവാവിന് അവസരമൊരുക്കണമെന്ന് നിര്‍ദേശിച്ചു. തുടര്‍ന്ന് യുവാവ് പരീക്ഷ എഴുതി.
മൂല്യനിര്‍ണയത്തി ലെ അനാസ്ഥ മൂലമാണ് വിദ്യാര്‍ഥി തോറ്റതെന്നും കോടതിവിധി ഉണ്ടായിട്ടും യുവാവിനെ പരീക്ഷാ ഹാളില്‍ നിന്നും ഇറക്കിവിട്ട നടപടി ശരിയായില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഫീസ് വാങ്ങിയ ശേഷമാണ് അധികാരികളിത് ചെയ്തത്.
പുനര്‍മൂല്യനിര്‍ണയത്തിന്റെ ഫലം യഥാസമയം നല്‍കാത്തതും സര്‍വകലാശാലയുടെ അനാസ്ഥയാണ്. എന്നാല്‍ ഇനിയുള്ള പരീക്ഷകള്‍ വിദ്യാര്‍ഥിയെ എഴുതാന്‍ അനുവദിക്കണം. കോടതി ഉത്തരവ് എംജി സര്‍വകലാശാല സ്റ്റാന്റിംഗ് കൗണ്‍സിലിനെ അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.