തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്ന് കൊലക്കേസ് പ്രതി തനിക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി എസ് എം എസ് അയച്ചെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. താന്‍ കൊലക്കേസ് പ്രതിയാണെന്നും എന്നാല്‍ നിയമസഭയില്‍ പതിമൂന്നാം തീയതിയുണ്ടായ പ്രശ്നങ്ങള്‍ തന്നെപ്പോലും ലജ്ജിപ്പിക്കുന്നു എന്നുമായിരുന്നു സന്ദേശമെന്നാണ് ചെന്നിത്തല വെളിപ്പെടുത്തിയത്.
തിരുവനന്തപുരത്ത് യു ഡി എഫിന്‍റെ രാഷ്ട്രീയ വിശദീകരണയോഗം നടക്കവേയാണ് ചെന്നിത്തല ഇക്കാര്യം വെളിപ്പെടുത്തിയത്. നിയമസഭയിലെ പ്രശ്നങ്ങളെക്കുറിച്ച് ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നും തനിക്ക് പ്രതികരണങ്ങള്‍ ലഭിച്ചെന്നും അതിലൊന്ന് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ കൊലക്കേസ് പ്രതിയുടേതാണെന്നുമാണ് ചെന്നിത്തല തുറന്നടിച്ചത്.
ഇതോടെ, സംസ്ഥാനത്തെ ജയിലുകളില്‍ ഇപ്പോഴും തടവുപുള്ളികള്‍ യഥേഷ്ടം മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നു എന്ന് ആഭ്യന്തരമന്ത്രിതന്നെ സ്ഥിരീകരിച്ചിരിക്കുകയാണ്. ടി പി വധക്കേസ് പ്രതികള്‍ ഉള്‍പ്പടെയുള്ളവര്‍ ഫോണ്‍ ഉപയോഗിക്കുന്നു എന്ന ആരോപണം ശക്തമായതിനെ തുടര്‍ന്ന് ജയിലുകളില്‍ വലിയ തെരച്ചില്‍ നടന്നിരുന്നതാണ്.