കൊട്ടാരക്കരയില്‍ പിള്ളയുടെ മകള്‍ സ്ഥാനാര്‍ത്ഥിയാകും

ബുധന്‍, 2 മാര്‍ച്ച് 2011 (20:25 IST)
PRO
ആര്‍ ബാലകൃഷ്ണപിള്ളയുടെ മകളും കെ ബി ഗണേഷ്കുമാറിന്‍റെ സഹോദരിയുമായ ഉഷാ മോഹന്‍‌ദാസ് തെരഞ്ഞെടുപ്പ് ഗോദയിലേക്ക്. ബാലകൃഷ്ണപിള്ളയ്ക്ക് പകരം കൊട്ടാരക്കര സീറ്റിലായിരിക്കും ഉഷ മത്സരിക്കുക. ഇതു സംബന്ധിച്ച് കേരള കോണ്‍ഗ്രസ് (ബി)യില്‍ ഏകദേശ ധാരണയായതായി റിപ്പോര്‍ട്ട്.

അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍‌ട്രല്‍ ജയിലില്‍ കഴിയുകയാണ് ഇപ്പോള്‍ ആര്‍ ബാലകൃഷ്ണപിള്ള. കേരള കോണ്‍ഗ്രസ് (ബി)ക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റുകളാണ് ലഭിക്കുക. കൊട്ടാരക്കരയും പത്തനാപുരവും. പത്തനാപുരത്ത് ഗണേഷാണ് മത്സരിക്കുക. പതിറ്റാണ്ടുകളായി താന്‍ മത്സരിക്കുന്ന കൊട്ടാരക്കരയില്‍ നിന്ന് ഇത്തവണ മകള്‍ ജനവിധി തേടട്ടെയെന്നാണ് പിള്ള തീരുമാനിച്ചിരിക്കുന്നത്.

ഇതോടെ അടുത്തടുത്ത മണ്ഡലങ്ങളില്‍ നിന്ന് സഹോദരങ്ങള്‍ ജനവിധി തേടുന്നു എന്ന പ്രത്യേകതയാണ് ഇത്തവണ ഉണ്ടാകാന്‍ പോകുന്നത്. കൊട്ടാരക്കരയില്‍ ബാലകൃഷ്ണപിള്ളയെ മുട്ടുകുത്തിച്ച ഐഷാ പോറ്റിയെ തന്നെ ഇത്തവണയും രംഗത്തിറക്കാനാണ് സി പി എം തീരുമാനിച്ചിരിക്കുന്നത്. ഐഷയെ തോല്‍പ്പിച്ച് അച്ഛനുവേണ്ടി മധുരപ്രതികാരം തീര്‍ക്കാനാണ് ഉഷാ മോഹന്‍‌ദാസ് തയ്യാറെടുക്കുന്നത്.

എന്നാല്‍ ബാലകൃഷ്ണപിള്ള ജയിലിലായതിനാല്‍ കേരളാ കോണ്‍ഗ്രസിന്‍റെ സീറ്റ് തിരിച്ചെടുക്കാന്‍ കോണ്‍ഗ്രസ് നീക്കങ്ങള്‍ ആരംഭിച്ചതായും സൂചനയുണ്ട്. പി സി വിഷ്ണുനാഥിനെ കൊട്ടാരക്കരയില്‍ മത്സരിപ്പിക്കാനാണ് നീക്കം നടക്കുന്നത്. വിഷ്ണുനാഥിന്‍റെ ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല ജനവിധി തേടുമെന്നും സൂചനയുണ്ട്.

വെബ്ദുനിയ വായിക്കുക