ക്വാറി ഉടമയില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന ഡി ജി പിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് പത്തനംതിട്ട എസ് പി രാഹുല്‍ ആര്‍ നായരെ തത്സ്ഥാനത്തുനിന്ന് നീക്കി. ഡോ. എ ശ്രീനിവാസനെ പുതിയ എസ് പിയായി നിയമിച്ചു.
പത്തനംതിട്ട കോയിപ്പുറത്തെ ക്വാറി ഉടമ ജയേഷില്‍ നിന്ന് 17 ലക്ഷം രൂപ എസ് പി കൈക്കൂലി വാങ്ങി എന്ന റിപ്പോര്‍ട്ട് അനുസരിച്ചാണ് നടപടി. ഇതുസംബന്ധിച്ച് ഇന്‍റലിജന്‍സ് ആണ് ഡി ജി പിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. പിന്നീട് ഡി ജി പി ഇതുസംബന്ധിച്ച് ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.
കോയിപ്പുറത്തെ സ്വകാര്യ ക്രഷര്‍ യൂണിറ്റ് കഴിഞ്ഞ മാസം പൊലീസ് പൂട്ടിച്ചിരുന്നു. എന്നാല്‍ 10 ദിവസത്തിന് ശേഷം ഈ ക്രഷര്‍ വീണ്ടും തുറന്നു പ്രവര്‍ത്തിച്ചുതുടങ്ങി. ക്രഷര്‍ ഉടമ ജയേഷ് ഒരു ഇടനിലക്കാരന്‍ മുഖേന ഒരു വാഹനത്തില്‍ വച്ച് എസ് പി രാഹുല്‍ ആര്‍ നായര്‍ക്ക് കൈക്കൂലി നല്‍കി എന്നാണ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്. 17 ലക്ഷം രൂപ എസ് പിക്ക് നല്‍കിയതായായിരുന്നു റിപ്പോര്‍ട്ട്.
ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിന് വിന്‍സന്‍ എം പോളിനെ ചുമതലപ്പെടുത്തിയതായി ആഭ്യന്തരമന്ത്രിയുടെ ഓഫീസ് അറിയിച്ചു.