കേള്‍ക്കുന്നില്ല... കേള്‍ക്കുന്നില്ലാ... മോഡിയുടെ പ്രസംഗം പരിഭാഷപ്പെടുത്തുന്നതില്‍ സുരേന്ദ്രന് പിഴച്ചു, മുരളീധരന്‍ മൈക്ക് ഏറ്റെടുത്തു!

തിങ്കള്‍, 14 ഡിസം‌ബര്‍ 2015 (20:44 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയപ്പോള്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് പിഴവ് സംഭവിച്ചു. തുടര്‍ന്ന് സുരേന്ദ്രനുപകരം സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരനാണ് പരിഭാഷപ്പെടുത്തിയത്. പ്രസംഗത്തില്‍ സംഭവിച്ച പിഴവ് മറ്റ് നേതാക്കള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ സുരേന്ദ്രന്‍ പിന്‍‌മാറുകയായിരുന്നു.
 
പ്രസംഗം തനിക്ക് കൃത്യമായി കേള്‍ക്കാന്‍ കഴിയുന്നില്ലെന്ന് സുരേന്ദ്രന്‍ പ്രധാനമന്ത്രിയോട് പറഞ്ഞു. അപ്പോള്‍ മറ്റാരെങ്കിലും പരിഭാഷ ഏറ്റെടുക്കാന്‍ മോഡി തന്നെയാണ് നിര്‍ദ്ദേശം നല്‍കിയത്. തുടര്‍ന്ന് വി മുരളീധരന്‍ ആ ചുമതല ഏറ്റെടുക്കുകയായിരുന്നു. അത്രയും സമയം പ്രധാനമന്ത്രിയുടെ പ്രസംഗം മുടങ്ങി.
 
താന്‍ കേരളത്തിലേക്ക് വരാന്‍ വൈകിയതിന് മാപ്പ് ചോദിക്കുന്നു എന്നാണ് മോഡി ഹിന്ദിയില്‍ പറഞ്ഞത്. എന്നാല്‍ ആ ഭാഗം സുരേന്ദ്രന്‍റെ പരിഭാഷയില്‍ ഉണ്ടായിരുന്നില്ല. ‘കേരളത്തിലെത്താനായതില്‍ വലിയ സന്തോഷമുണ്ട്’ എന്നാണ് സുരേന്ദ്രന്‍ പരിഭാഷപ്പെടുത്തിയത്. 
 
മാത്രമല്ല, ശബരിമല സന്ദര്‍ശനത്തോടെ സന്ദര്‍ശനം ആരംഭിക്കാന്‍ ആലോചിച്ചിരുന്നു എന്ന ഭാഗവും സുരേന്ദ്രന്‍ പരിഭാഷപ്പെടുത്തിയില്ല. കേരളത്തില്‍ വലിയ മാറ്റം നടക്കുമ്പോള്‍ ഇവിടെ വരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നായിരുന്നു സുരേന്ദ്രന്‍ മൊഴിമാറ്റം നടത്തിയത്.
 
ഈ പിഴവ് മറ്റ് നേതാക്കള്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് തനിക്ക് കേള്‍ക്കുന്നില്ല എന്ന് പ്രധാനമന്ത്രിയോടുപറഞ്ഞ് സുരേന്ദ്രന്‍ പിന്‍‌മാറിയത്.

വെബ്ദുനിയ വായിക്കുക