കേരള കോണ്‍ഗ്രസ് നിലപാട് കടുപ്പിക്കുന്നു; രണ്ട് നേതാക്കള്‍ രാജിവച്ചു

വെള്ളി, 7 മാര്‍ച്ച് 2014 (20:17 IST)
PRO
PRO
കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ ഇന്നിറങ്ങുമെന്ന് കരുതിയിരുന്ന വിജ്ഞാപനം വൈകുമെന്ന് ഉറപ്പായതോടെ ശക്തമായ പ്രതികരണവുമായി കേരള കോണ്‍ഗ്രസും മലയോര മേഖലയിലെ വിവിധ സംഘടനകളും രംഗത്തെത്തി. കേരള ഫീഡ്സ് ചെയര്‍മാനും കേരളാ കോണ്‍ഗ്രസ് നേതാവുമായ പിസി ജോസഫ് രാജിവച്ചു. യു.ഡി.എഫ് കര്‍ഷക താല്പര്യം സംരക്ഷിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. ഇതേ സമയം ഡോ കെ സി ജോസഫ് പാര്‍ട്ടി പദവി സ്ഥാനം രാജിവച്ചു.

വി‌‌‌ജ്ഞാപനമില്ലാതെ ഇനി ഉഭയകക്ഷി ചര്‍ച്ചകള്‍ വേണ്ടെന്ന് കോണ്‍ഗ്രസിനെ കേരളാ കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. ഇന്ന് രാത്രി നടത്തേണ്ടിയിരുന്ന ഉന്നതാധികാര സമിതിയോഗം മാറ്റിവയ്ക്കുകയും ചെയ്തു. അതേസമയം വി‌‌ജ്ഞാപനം വൈകിയ സാഹചര്യത്തില്‍ ഇനി മുന്നണിയില്‍ തുടരേണ്ട കാര്യമില്ലെന്ന് കേരളാ കോണ്‍ഗ്രസില്‍ ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്.

ആരും വ്യക്തിപരമായി കര്‍ഷകപ്രേമം കാണിക്കേണ്ട കാര്യമില്ലെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് മന്ത്രി കെഎം മാണി ഇവരെ ലക്ഷ്യമാക്കി പ്രതികരിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമാണെന്നാണ് ഇത് കാണിക്കുന്നത്.
വി‌‌ജ്ഞാപനം പുറത്തുവരാത്ത സാഹചര്യത്തില്‍ സ്വന്തം നിലയില്‍ മത്സരിക്കുമെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി അറിയിച്ചു. വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയെ നിറുത്താനാണ് സമിതിയുടെ തീരുമാനം. ഈ സാഹചര്യം സൃഷ്ടിച്ച യുഡിഎഫ് കനത്ത വില നല്‍കേണ്ടിവരുമെന്ന് ഹൈറേഞ്ച് സമരസമിതി അറിയിച്ചു. ഈ സാഹചര്യത്തില്‍ കര്‍ഷകപ്രേമം കാണിക്കാന്‍ പേരിനെങ്കിലും ഒരു പ്രതിഷേധമുണ്ടാകണമെന്നാണ് കേരള കോണ്‍ഗ്രസിലെ ഭൂരിഭാഗം നേതാക്കളുടെയും അഭിപ്രായം. ഈ സാഹചര്യത്തിലാണ് നേതാക്കളുടെ രാജിയെന്ന് പറയപ്പെടുന്നു.

വെബ്ദുനിയ വായിക്കുക