കേരളത്തെ ഗുജറാത്താക്കാന്‍ ജനങ്ങള്‍ക്ക് സൗകര്യമില്ലാത്തത് കൊണ്ടാണ് ബി ജെ പിക്ക് ജയിക്കാന്‍ കഴിയാത്തതെന്ന് മോദി മനസ്സിലാക്കണം: പിണറായി

ബുധന്‍, 11 മെയ് 2016 (19:25 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി പി എം പോളിറ്റ് ബ്യുറോ അംഗം പിണറായി വിജയന്‍. കേരളത്തെ ഗുജറാത്താക്കാന്‍ ഇവിടത്തെ ജനങ്ങള്‍ക്ക് സൗകര്യമില്ലാത്തത് കൊണ്ടാണ് ബി ജെ പിക്ക് ഒരു തെരഞ്ഞെടുപ്പിലും ജയിക്കാന്‍ കഴിയാത്തതെന്ന് നരേന്ദ്ര മോദി മനസ്സിലാക്കണമെന്ന് പിണറായി പറഞ്ഞു. ഫേസ്ബുക്ക് പേജിലൂടെയാണ് പിണറായിയുടെ വിമര്‍ശനം.
 
കേരളത്തില്‍ വേരുറപ്പിക്കാന്‍ കഴിയാത്തതിന്റെ പകയും ശാപവുമാണ് കേരളത്തെ സോമാലിയയോടു ഉപമിച്ചു മോദി തീര്‍ത്തതെന്നും പിണറായി പറഞ്ഞു. ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട രണ്ടായിരത്തോളം പേരെ കൊന്നുതള്ളിയതിന്റെ രക്തക്കറയുമായാണ് ഗുജറാത്ത് നിലക്കൊള്ളുന്നത്. അതിനുത്തരാവാദി നരേന്ദ്ര മോദി നയിച്ച സംസ്ഥാന സര്‍ക്കാരാണ്. ആ മാതൃക കേരളീയര്‍ക്ക് വേണ്ടെന്നും പിണറായി പറഞ്ഞു.
 
അഞ്ചു കൊല്ലം ചരിത്രത്തിലെ ഏറ്റവും മോശമായ ഭരണം ഉമ്മൻചാണ്ടി കാഴ്ച്ചവെച്ചിട്ടും, എല്ലാ മേഖലയിലും കയ്യിട്ടു വാരിയിട്ടും ഉലയാത്തതാണ് കേരളത്തിന്റെ നേട്ടങ്ങൾ. അതിനു അടിത്തറയിട്ടതും വളര്‍ത്തിയതും ഇടതു പക്ഷമാണ്. അത് കൊണ്ട് തന്നെ അത് അടിയുറച്ചതുമാണ്. കേരളത്തിൽ പട്ടിക വിഭാഗങ്ങൾക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങളും അവകാശങ്ങളും ലഭ്യമാക്കുന്നതിൽ യു ഡി എഫ് സർക്കാർ ഗുരുതരമായ വീഴ്ച വരുത്തിയിട്ടുണ്ടെന്നും പിണറായി ആരോപിച്ചു.

 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക