കേരളത്തില്‍ ജനിതക മാറ്റം വരുത്തിയ നെല്ലിനങ്ങള്‍ പരീക്ഷിക്കാന്‍ അനുമതി നല്‍കി
വെള്ളി, 21 ജൂണ്‍ 2013 (15:29 IST)
PRO
PRO
കേരളത്തില്‍ ജനിതക മാറ്റം വരുത്തിയ നെല്ലിനങ്ങള്‍ പരീക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെയാണ് കേരളത്തില്‍ ജനിതക മാറ്റം വരുത്തിയ നെല്ലിനങ്ങളും മറ്റു വിളകളും പാടത്ത് പരീക്ഷിക്കാന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനം. ബേയര്‍ ബയോ സയന്‍സ് എന്ന കമ്പനിക്കാണ് പരീക്ഷണത്തിന് അനുമതി നല്‍കിയിരിക്കുന്നത്.
45 വ്യത്യസ്ത ഇനം വിളകള്‍ക്കാണ് പരീക്ഷണം നടത്താനുള്ള അനുമതി ജനിതക അവലോകന സമിതി അംഗീകരിച്ചത്. കേരളത്തിന് പുറമെ രാജസ്ഥാന്‍,മഹാരാഷ്ട്ര, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും നെല്ലിലെ ജനിതക പരീക്ഷണത്തിന് അനുമതി നല്‍കി.
കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ജനിതക വിളകളുടെ പരീക്ഷണത്തിന് എതിരാണ്. ജനിതക മാറ്റം വരുത്തിയ വിളകളുടെ പരീക്ഷണത്തിന് കൂട്ടത്തോടെ അനുമതി നല്‍കാനുള്ള കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനം വിവാദമായിട്ടുണ്ട്.
ഗോതമ്പിലെ ജനിതക പരീക്ഷണത്തില്‍ അമേരിക്കയില്‍ ഗുരുതര പ്രത്യാഘാതമുണ്ടാക്കിയ ജനിതക വിളയും അനുമതി ലഭിച്ചവയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പരീക്ഷണാനുമതി നല്‍കിയ നെല്ലിനങ്ങളില്‍ അന്തക വിത്തുമുണ്ടെന്ന് ആരോപണമുണ്ട്. രാജ്യത്തെ ജനിതക പരീക്ഷണങ്ങള്‍ക്കെതിരായ പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പെയാണ് മന്ത്രാലയത്തിന്റെ ഈ തീരുമാനം.