കേരളത്തിലെ പൊലീസ് സ്റ്റേഷനുകള്‍ക്ക് മാവോയിസ്റ്റ് ഭീഷണി

വെള്ളി, 26 ജൂലൈ 2013 (12:06 IST)
PRO
കേരളത്തിലെ പൊലീസ് സ്റ്റേഷനുകള്‍ക്ക് മാവോയിസ്റ്റ് ആക്രമണ ഭീഷണി. പശ്ചിമബംഗാളിലെ മാവോയിസ്റ്റ് നേതാവിന്റെ ചരമവാര്‍ഷിക ദിനത്തില്‍ കേരളത്തിലെ പൊലീസ് സ്‌റ്റേഷനുകള്‍ക്കു നേരെ ആക്രമണമുണ്ടാകുമെന്നാണ് ഇന്റ്ലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

പശ്ചിമബംഗാളിലെ മുന്‍ നക്‌സലേറ്റ് നേതാവ് ചാരു മജുംദാറിന്റെ ചരമവാര്‍ഷിക ദിനമായ ജൂലൈ 28 ന് കണ്ണൂരിലെ അതിര്‍ത്തി പൊലീസ് സ്‌റ്റേഷനുകള്‍ക്കു നേരെ സായുധ ആക്രമണമുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. ആറളം, കരിക്കോട്ടക്കരി, കേളകം, ഉള്ളിക്കല്‍ സ്‌റ്റേഷനുകള്‍ക്കാണ് ഭീഷണിയുള്ളത്.

കര്‍ണ്ണാടക അതിര്‍ത്തിയായ ബര്‍നൂനിയില്‍ മാവോയിസ്റ്റുകള്‍ക്കു വേണ്ടി മുമ്പ് തണ്ടര്‍ബോള്‍ട്ട് സംഘം നടത്തിയ തെരച്ചില്‍ മാവോയിസ്റ്റുകളെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇതിന്റെന കൂടി തിരിച്ചടി നേരിടേണ്ടിവരുമെന്നും ഇന്റ്‌ലിജന്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

മലപ്പുറം, വയനാട് ജില്ലകളിലെ പോലീസ് സ്‌റ്റേഷനുകള്‍ക്കും ഭീഷണി നിലനില്‍ക്കുന്നുണ്ട്. ഭീഷണിയുടെ പശ്ചാത്തലത്തില്‍ തണ്ടര്‍ബോള്‍ട്ട് സേന മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ ശക്തമായി നടത്തുന്നുണ്ട്.

വെബ്ദുനിയ വായിക്കുക