കേരളത്തിന് രണ്ട് ദീര്‍ഘദൂര ട്രെയിനുകള്‍ റയില്‍വേ ബജറ്റില്‍ നല്‍കിയതായി റെയില്‍വേ മന്ത്രി ലാലുപ്രസാദ് യാദവ് പറഞ്ഞു. ലോക്സഭയില്‍ കേന്ദ്ര റെയില്‍വേ ബജറ്റിന്‍മേലുള്ള ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പാലക്കാട് റയില്‍വേ കോച്ച് ഫാക്‌ടറിക്കുള്ള നടപടികള്‍ ആരംഭിച്ചു. എറണാകുളം - കായംകുളം പാത ഇരട്ടിപ്പിക്കല്‍ നിശ്ചിത സമയത്തു പൂര്‍ത്തിയാകും. ആലപ്പുഴ ചേര്‍ത്തലയിലെ വാഗണ്‍ നിര്‍മ്മാണ ഫാക്‌ടറിക്കുള്ള ധാരണാ പത്രം ഒപ്പിട്ടെന്നും അദ്ദേഹം അറിയിച്ചു.
കേരളത്തിനു 2008ലെ റയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ച ഡെറാഡൂണ്‍ - അമൃത്സര്‍ - കൊച്ചുവേളി എക്സ്പ്രസും കൊച്ചുവേളി - ബാംഗ്ലൂര്‍ ഗരീബ്‌രഥ് എക്സ്പ്രസും ഫെബ്രുവരിയില്‍ സര്‍വ്വീസ് ആരംഭിക്കും. ബജറ്റില്‍ ഒരു സംസ്ഥാനത്തിന്‍റെ ആവശ്യങ്ങളും അവഗണിച്ചിട്ടില്ലെന്നും കേന്ദ്ര റയില്‍വേ മന്ത്രി പറഞ്ഞു.
കേരളത്തിന്‍റെ എല്ലാ ആവശ്യങ്ങളും അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്നും സംസ്ഥാനത്തെ എം പിമാര്‍ക്കു ലാലു പ്രസാദ് യാദവ് ഉറപ്പു നല്‍കി. മന്ത്രിയുടെ മറുപടിയ്ക്ക് ശേഷം ഇടക്കാല റയില്‍വേ ബജറ്റ് പാസാക്കി.