ഓണക്കാലത്ത് വിലക്കയറ്റവും, അരിക്ഷാമവും സൃഷ്ടിക്കാനുള്ള കേന്ദ്രത്തിന്‍റെ ശ്രമത്തിന്‍റെ ഭാഗമാണ് എ.പി.എല്‍ കാര്‍ഡുടമകളുടെ റേഷന്‍ വിഹിതം വെട്ടിക്കുറച്ചതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പറഞ്ഞു.
ദാരിദ്ര്യ രേഖയ്ക്ക് മുകളിലുള്ളവരുടെ റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ജനദ്രോഹപരമാണെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 24 നാണ് കേന്ദ്ര ഭക്‍ഷ്യ മന്ത്രാലയം ഈ വിഭാഗക്കാരുടെ അരിവിഹിതം നാലുമാസത്തേക്ക് പൂര്‍ണ്ണമായും വെട്ടിക്കുറച്ചത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു വെളിയം.
ജനങ്ങളോട് അല്‍പമെങ്കിലും കൂറുണ്ടെങ്കില്‍ അരി വിഹിതം പുനസ്ഥാപിക്കാന്‍ കേന്ദ്രത്തില്‍ പോയി യു.ഡി.എഫുകാര്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അരി വിഹിതം വെട്ടിക്കുറച്ച കേന്ദ്ര നടപടിയ്ക്കെതിരെ ഡി.വൈ.എഫ്.ഐയും രംഗത്ത് വന്നിട്ടുണ്ട്.
യുവജന സംഘടനകളുമായി സംയുക്ത പ്രക്ഷോഭം നടത്താന്‍ തയ്യാറാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് ടി.വി.രാജേഷ് പറഞ്ഞു. ഇക്കാര്യത്തില്‍ യൂത്ത് ലീഗും, യൂത്ത് കോണ്‍ഗ്രസുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്. ഇതിനായി യുവജന സംഘടനകളുടെ ചര്‍ച്ച വിളിക്കുമെന്നും രാജേഷ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.