കേന്ദ്രം പറഞ്ഞാല്‍ മാത്രം അരുവിക്കരയില്‍ പോകും; വി എസ് നിലപാട് കടുപ്പിക്കുന്നു

തിങ്കള്‍, 1 ജൂണ്‍ 2015 (16:25 IST)
അരുവിക്കരയില്‍ തെരഞ്ഞടുപ്പ് പ്രചരണത്തിന് താന്‍ ഇറങ്ങണമെങ്കില്‍ പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വം ആവശ്യപ്പെടണമെന്ന നിലപാടില്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. മറ്റന്നാള്‍ നടക്കുന്ന എല്‍ ഡി എഫ് മണ്ഡലം കണ്‍‌വന്‍ഷനില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് വി എസിന്‍റെ കടുത്ത നിലപാട്.
 
തന്നെ മനഃപൂര്‍വം അവഹേളിക്കുകയും അവഗണിക്കുകയും ചെയ്യുന്നതിന്‍റെ ഭാഗമായാണ് അരുവിക്കരയിലെ കണ്‍‌വന്‍ഷനില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് വി എസ് കരുതുന്നത്. അതുകൊണ്ടുതന്നെ അരുവിക്കരയില്‍ പ്രചരണത്തിന് ഇറങ്ങേണ്ടതില്ല എന്നാണ് അദ്ദേഹത്തിന്‍റെ തീരുമാനം. താന്‍ പ്രചരണത്തിന് ഇറങ്ങണമെങ്കില്‍ ഇനി കേന്ദ്ര നേതൃത്വം ആവശ്യപ്പെടണമെന്ന നിലപാടിലേക്ക് വി എസ് എത്തിയതായാണ് റിപ്പോര്‍ട്ട്.
 
എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രം ഇടപെടേണ്ടതില്ലെന്നും പ്രാദേശിക നേതൃത്വം തീരുമാനിച്ചാല്‍ മതിയെന്നും പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍‌പിള്ള വ്യക്തമാക്കി. 
 
വി എസിനെ കണ്‍‌വന്‍ഷനില്‍ നിന്ന് ഒഴിവാക്കിയതില്‍ തങ്ങള്‍ ഇടപെട്ടിട്ടില്ലെന്നാണ് സംസ്ഥാന നേതൃത്വം പറയുന്നത്. ആരൊക്കെ പങ്കെടുക്കണമെന്നും വേണ്ടെന്നും തീരുമാനമെടുക്കുന്നത് എല്‍ ഡി എഫ് ജില്ലാ കമ്മിറ്റിയാണെന്നും അതില്‍ ഇടപെട്ടിട്ടില്ലെന്നും സംസ്ഥാന നേതൃത്വം പറയുന്നു. വിവാദം അനാവശ്യമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. അരുവിക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചുക്കാന്‍ പിടിക്കുന്നത് വി എസും പിണറായിയുമാണ്. ഒരു പ്രവര്‍ത്തക കണ്‍‌വന്‍ഷന്‍ മാത്രമാണ് മൂന്നാം തീയതി നടക്കുന്നത്. അതില്‍ പിണറായിയെയും വി എസിനെയും വിളിച്ചിട്ടില്ല - കോടിയേരി വ്യക്തമാക്കി.
 
അതേസമയം, അരുവിക്കരയില്‍ എല്‍ ഡി എഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണം വി എസ് തന്നെ നയിക്കുമെന്ന് സ്ഥാനാര്‍ത്ഥി എം വിജയകുമാര്‍ പറഞ്ഞു. വി എസിനെ ഞാന്‍ പലവട്ടം കണ്ടിരുന്നു. എല്‍ ഡി എഫ് ഒറ്റ ടീമായി പ്രവര്‍ത്തിക്കും - വിജയകുമാര്‍ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക