സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണനുമായി ബന്ധപ്പെട്ടുയര്‍ന്ന അഴിമതി ആരോപണത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ മൌനം തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അഴിമതി മൂടിവെയ്ക്കാന്‍ ശ്രമിക്കുകയാണ്. സിപിഎം സഹയാത്രികനായ താന്‍ ഇത്തരത്തില്‍ പ്രതികരിച്ചിട്ടും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകുന്നില്ലെന്നും കൃഷ്ണയ്യര്‍ കൂട്ടിച്ചേര്‍ത്തു.
കെജിബി വിഷയത്തില്‍ പ്രധാനമന്ത്രി അന്വേഷണത്തിന് ഉത്തരവിടണം. ഇക്കാര്യം സംബന്ധിച്ച് താന്‍ പ്രധാനമന്ത്രിക്ക് കത്തയയ്ക്കാതിരുന്നത് ജസ്റ്റിസ് വി ഗിരി ആവശ്യപ്പെട്ടിട്ടാണ്. കെജിബി പറഞ്ഞിട്ടായിരുന്നു ജസ്റ്റിസ് ഗിരി തന്നെ സമീപിച്ചതെന്നും കൃഷ്ണയ്യര്‍ പറഞ്ഞു.
ജസ്റ്റിസ് കെ ജി ബാലകൃഷ്ണനുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തില്‍ ജസ്റിസ് കൃഷ്ണയ്യര്‍ ഇതിന് മുമ്പും രംഗത്തെത്തിയിരുന്നു. ബാലകൃഷ്ണന്റെ മകളുടെ ഭര്‍ത്താവ് ശ്രീനിജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് കൃഷ്ണയ്യര്‍ ബാലകൃഷ്ണനെതിരെ രംഗത്തെത്തിയത്.