കുഞ്ഞാലിക്കുട്ടി 40 ലക്ഷം ജഡ്ജിമാര്‍ക്ക് കൊടുത്തു

ഞായര്‍, 30 ജനുവരി 2011 (17:04 IST)
വിവാദമായ ഐസ്ക്രീം പാര്‍ലര്‍ കേസില്‍ അനുകൂലമായ വിധി സമ്പാദിക്കാന്‍ മുസ്ലീംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഹൈക്കോടതിയിലെ രണ്ട് ജഡ്ജിമാര്‍ക്ക് 40 ലക്ഷത്തോളം രൂപ കോഴ നല്കിയിരുന്നെന്ന് വെളിപ്പെടുത്തല്‍. മുന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കെ സി പീറ്ററാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മലയാളത്തിലെ പ്രമുഖ വാര്‍ത്താചാനലായ ഇന്ത്യാവിഷന്‍ ആണ് ഈ വെളിപ്പെടുത്തലുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

റൌഫ് മുഖേനയാണ് കുഞ്ഞാലിക്കുട്ടി കെ സി പീറ്ററിനെ സമീപിച്ചത്. ജസ്റ്റിസ് തങ്കപ്പനെ രണ്ടു വഴികളിലൂടെ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നു. ആദ്യശ്രമത്തില്‍ കാര്യങ്ങള്‍ നടക്കാതെ വന്നപ്പോള്‍ തങ്കപ്പന്റെ സുഹൃത്തായ കെ സി പീറ്റര്‍ വഴി തങ്കപ്പനെ ബന്ധപ്പെടുകയായിരുന്നു.

ജസ്റ്റിസ് തങ്കപ്പനിലേക്ക് വഴികാട്ടി കൊടുക്കുകയാണ് താന്‍ ചെയ്തതെന്നും കെ സി പീറ്റര്‍ വെളിപ്പെടുത്തി. കുഞ്ഞാലിക്കുട്ടിയുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടേയുള്ളൂ. റൌഫ് വഴിയാണ് കാര്യങ്ങള്‍ എല്ലാം നടന്നത്. ഒരു വഴിയിലൂടെ ശ്രമിച്ചപ്പോള്‍ നടക്കാതെ വന്നത് വ്യക്തിസൌഹൃദം ഉപയോഗിച്ച് കെ സി പീറ്റര്‍ മുഖേന റൌഫ് വഴി നേടിയെടുക്കുകയായിരുന്നു.

കെ സി പീറ്റര്‍, നാരായണക്കുറുപ്പിന്റെ മരുമകന്‍ സണ്ണി വഴിയാണ് ജസ്റ്റിസ് നാരായണക്കുറുപ്പിനെ സമീപിച്ചത്. നാരായണക്കുറുപ്പ് കാശ് വാങ്ങുമെന്ന് വിചാരിച്ചിരുന്നില്ലെന്നും ഹൈക്കോടതിലെ അഴിമതിക്കാരനായ ജസ്റ്റിസ് ആണ് ഇയാളെന്നും പീറ്റര്‍ വെളിപ്പെടുത്തി. ജഡ്ജിമാരെ സ്വാധീനിച്ചില്ലായിരുന്നെങ്കില്‍ വിധി കുഞ്ഞാലിക്കുട്ടിക്ക് എതിരാകുമായിരുന്നെന്നും കുഞ്ഞാലിക്കുട്ടി ജയിലില്‍ പോകുമായിരുന്നെന്നും പീറ്റര്‍ വെളിപ്പെടുത്തി.

വെബ്ദുനിയ വായിക്കുക