കിളിരൂര്‍ കേസ് പുനരന്വേഷിക്കില്ല: ഹൈക്കോടതി

തിങ്കള്‍, 27 ഫെബ്രുവരി 2012 (12:58 IST)
കിളിരൂര്‍ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട്, പീഡനത്തിനിരയായി കൊല്ലപ്പെട്ട ശാരിയുടെ മാതാപിതാക്കള്‍ നല്‍‌കിയ ഹര്‍ജി ഹൈക്കോടതി തള്ളി. മതിയായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ തുടരന്വേഷണത്തിന് ഉത്തരവിടാന്‍ കഴിയൂ എന്നും ഇവിടെ അത്തരമൊരു സാഹചര്യം ഇല്ലെന്നുമാണ് കോടതി ചൂണ്ടിക്കാട്ടിയത്. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയും തുടരന്വേഷണ ആവശ്യം തള്ളിയിരുന്നു. പ്രസവശേഷം ശാരി മരിക്കാനുണ്ടായ സാഹചര്യത്തില്‍ ദുരൂഹത ഉണ്ടെന്നും ഇതിനെപ്പറ്റി അന്വേഷിക്കണമെന്നും കാണിച്ചാണ് ശാരിയുടെ മാതാപിതാക്കള്‍ ഹര്‍ജി നല്‍കിയത്.

വൈദ്യശാസ്ത്രരംഗത്തെ പിഴവുകളെക്കുറിച്ച് സൂക്ഷ്മമായ നിരീക്ഷണം നടത്തിയതിന് ശേഷമാണ് തുടരന്വേഷണ ഹര്‍ജി സിബി‌ഐ കോടതി തള്ളിയതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വിചാരണ നടപടികള്‍ നീട്ടിക്കൊണ്ടുപോകാനുള്ള ശാരിയുടെ മാതാപിതാക്കളുടെ നീക്കം സംശയകരമാണെന്നും കോടതി അഭിപ്രായപ്പെടുകയുണ്ടായി.

കിളിരൂര്‍ സ്വദേശിയായ ശാരി എസ് നായര്‍ എന്ന പെണ്‍കുട്ടിയെ ടിവി സീരിയലില്‍ അഭിനയിപ്പിക്കാമെന്ന് വ്യാമോഹിപ്പിച്ച് പലതവണ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. 2003ല്‍ ഓഗസ്റ്റ് മുതല്‍ ഒരു വര്‍ഷത്തോളം വിവിധ സ്ഥലങ്ങളിലായി ശാരി പീഡിപ്പിക്കപ്പെട്ടു. ഗര്‍ഭിണിയായ പെണ്‍കുട്ടി 2004 ആഗസ്റ്റില്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. പ്രസവശേഷം അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ശാരി നവംബര്‍ 13ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണമടയുകയായിരുന്നു.

ഫെബ്രുവരി എട്ടിനാണ് കിളിരൂര്‍ കേസില്‍ സി‌ബിഐ കോടതി വിധി പ്രസ്താവിച്ചത്. കുറ്റക്കാരെന്ന് കണ്ടെത്തിയ അഞ്ച് പ്രതികള്‍ക്ക് പത്ത് വര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് സിബിഐ കോടതി വിധിച്ചത്. രണ്ടു മുതല്‍ പ്രതികളായ മനോജ്, പ്രവീണ്‍, ലതാ നായര്‍, പ്രശാന്ത്, കൊച്ചുമോന്‍ എന്നിവരെയാണു കുറ്റക്കാരായി കോടതി കണ്ടെത്തിയത്.

വെബ്ദുനിയ വായിക്കുക