കാവ്യയെ കുടുക്കിയത് ഭരണകക്ഷി നേതാവിന്റെ മകന്‍ ?

ഞായര്‍, 17 സെപ്‌റ്റംബര്‍ 2017 (11:57 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണം അന്തിമഘട്ടത്തിലെത്തി നില്‍ക്കുന്നു. കേസില്‍ സംവിധായകനും നടനുമായ നാദിര്‍ഷ  അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായിരുന്നു. എന്നാല്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാരിനും സിപിഎമ്മിനും ബന്ധമുണ്ടെന്നാണ് കാവ്യാമാധവന്‍ പറയുന്നത്.
 
 ഭരണകക്ഷിയിലെ പ്രമുഖ നേതാവിന്റെ മകന്‍ ദിലീപിനെയും തന്നെയും കുടുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് കാവ്യാമാധവന്‍ ആരോപിച്ചിരുന്നു. ദിലീപിനെതിരേ സര്‍ക്കാരും പൊലീസും മനപ്പൂര്‍വം കരുക്കള്‍ നീക്കുന്നുവെന്ന ആരോപണമാണ് ഇതിലൂടെ ഉയരുന്നുണ്ട്.
 
കേസില്‍ ഏത് സമയവും അറസ്റ്റ് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് കാവ്യാമാധവന്റെ ഭയം. ഈ ഭയം മൂലം കാവ്യ ശനിയാഴ്ച ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യം തേടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കാവ്യയുടെ ഈ പ്രധാന ആരോപണം. 
 
ഭരണകക്ഷിയിലെ പ്രധാന നേതാവിന്റെ മകനാണ് തന്നെ കുടുക്കാന്‍ നോക്കുന്നതെന്ന് കാവ്യ ആരോപിക്കുന്നു. എന്നാല്‍ കാവ്യാമാധവന്‍ പേര് വ്യക്തമാക്കുന്നില്ല. സിനിമാ മേഖലയിലുള്ള എല്ലാവര്‍ക്കും വ്യക്തിയെ കുറിച്ച് അറിയാമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
എന്നാല്‍ കാവ്യയുടെ ഈ പ്രസ്താവനയ്ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍  രംഗത്തെത്തി. ആരോപണം കേസിന്റെ ഗതി തിരിച്ചുവിടാനാണെന്ന് കോടിയേരി പറഞ്ഞു. ഏത് സിപിഎം നേതാവിന്റെ മകനാണ് പിന്നില്‍ കളിക്കുന്നതെന്ന് കാവ്യ വ്യക്തമായി പറയണമെന്നും കോടിയേരി ആവശ്യപ്പെട്ടു. 

വെബ്ദുനിയ വായിക്കുക