കാര്‍ഷിക പുരോഗതികൊണ്ടേ വിജയിക്കാനാവൂ: മുഖ്യമന്ത്രി

ചൊവ്വ, 31 ഡിസം‌ബര്‍ 2013 (18:14 IST)
PRO
PRO
കാര്‍ഷികമേഖലയില്‍ വളര്‍ച്ചയും പുരോഗതിയും ആര്‍ജിച്ചാല്‍മാത്രമേ സംസ്ഥാനത്തിന് സമഗ്രപുരോഗതി കൈവരിക്കാനാകൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ബാലകൃഷിശാസ്ത്രകോണ്‍ഗ്രസിനോടനുബന്ധിച്ച് കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന കൃഷി ഉത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാര്‍ഷികമേഖലയ്ക്ക് വലിയ പ്രാധാന്യമുളള സംസ്ഥാനമാണ് കേരളം. ഈ മേഖലയില്‍ സമര്‍പ്പണബോധത്തോടെ ജോലി ചെയ്യുന്ന കര്‍ഷകര്‍ നമുക്കുണ്ടായിരുന്നു. അടുത്തകാലത്തായി പലകാരണങ്ങളാല്‍ ഈ മേഖലയ്ക്ക് പ്രതിസന്ധി നേരിടേണ്ടിവരുന്നു. ഏതൊക്കെ മേഖലയില്‍ പുരോഗതിയുണ്ടായാലും കാര്‍ഷികരംഗത്തെ വളര്‍ച്ചകൊണ്ട് മാത്രമേ നമുക്ക് സമ്പൂര്‍ണ്ണ വിജയം നേടാനാവൂ എന്ന് അദ്ദേഹം പറഞ്ഞു.

ബാലകൃഷി ശാസ്ത്രകോണ്‍ഗ്രസും കൃഷിയുത്സവവും ഈ മേഖലയില്‍ ഉണര്‍വുണ്ടാക്കാന്‍ ഉപകരിക്കുമെന്നും സ്‌കൂള്‍കുട്ടികളിലൂടെ കാര്‍ഷികസംസ്‌കാരം തിരിച്ചുപിടിക്കുന്നതിന് സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ വിദ്യാഭ്യാസവകുപ്പ് മന്ത്രി പി.കെ. അബ്ദുറബ്ബ് അധ്യക്ഷത വഹിച്ചു. യുവജനക്ഷേമബോര്‍ഡും അഗ്രിഫ്രണ്ട്‌സും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങില്‍ കാര്‍ഷികസാക്ഷരതാ-യുവസര്‍വെയുടെ റിപ്പോര്‍ട്ട് വിദ്യാഭ്യാസമന്ത്രി മുഖ്യമന്ത്രിക്ക് കൈമാറി. യുവജനക്ഷേമബോഡ്, കൃഷി, ടൂറിസം, പരിസ്ഥിതി, കാലാവസ്ഥാ വകുപ്പുകള്‍, അ ഗ്രിഫ്രണ്ട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് കൃഷിയുത്സവം സംഘടിപ്പിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക