കാമുകനെ തേടി ഇറങ്ങിയ യുവതിക്ക് പീഡനം

വെള്ളി, 24 ഫെബ്രുവരി 2012 (00:05 IST)
പീഡിപ്പിച്ച് മുങ്ങിയ കാമുകനെത്തേടിയിറങ്ങിയ യുവതിയെ രണ്ടു പേര്‍ ചേര്‍ന്ന് വീണ്ടും പീഡിപ്പിച്ചു. വരന്തരപ്പിള്ളിയില്‍നിന്നും ചാലക്കുടിയില്‍ എത്തിയ യുവതിയാണ് പീഡനത്തിന് ഇരയായത്. കാമുകനെ കാണിച്ചുതരാമെന്ന് പറഞ്ഞ് യുവതിയെ കൂട്ടികൊണ്ടുപോയ രണ്ടുപേരാണ് വീണ്ടും പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ശേഷം മുങ്ങിയ കാമുകന്‍ ഇരിങ്ങാലക്കുട പൊറത്തുശേരി മുതിരപ്പറമ്പില്‍ പ്രജീഷിനെ(20) ചാലക്കുടി ഡി വൈ എസ് പി പി കെ രഞ്ചന്‍ അറസ്റ്റ്‌ ചെയ്തു.

ഫെബ്രുവരി പതിമൂന്നിനാണ് വിവാഹം കഴിക്കാമെന്ന് പറഞ്ഞ്‌ പ്രജീഷ്‌ വീട്ടുകാര്‍ അറിയാതെ യുവതിയെ തട്ടികൊണ്ടു പോയത്‌. രാവിലെ അമ്പലത്തില്‍ പോയി മാലയിടമെന്ന് പറഞ്ഞ് പെണ്‍ക്കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. പിറ്റേദിവസം യുവതിയെ ബസ്‌സ്റ്റാന്റില്‍ ഇരുത്തി ഇയാള്‍ മുങ്ങുകയായിരുന്നു.

രാത്രി ഏറെനേരം കാത്തിരുന്നിട്ടും പ്രജീഷിനെ കാണാതായപ്പോള്‍ യുവതി കെ എസ്‌ ആര്‍ ടി സി ബസ്‌ സ്റ്റാന്‍ഡില്‍ പോയിയിരുന്നു. രാത്രി അവിടെ കഴിച്ചുകൂട്ടിയശേഷം അടുത്തദിവസം രാവിലെ വീണ്ടും പ്രജീഷിനെതേടി മുനിസിപ്പല്‍ ബസ്‌സ്റ്റാന്‍ഡില്‍ എത്തി. രണ്ടുദിവസമായി ബസ്‌സ്റ്റാന്‍ഡില്‍ കാണുന്ന യുവതിയെ രണ്ടുപേര്‍ സമീപിച്ച്‌ വിവരങ്ങള്‍ തിരക്കി. കാമുകനെ തങ്ങള്‍ക്ക്‌ അറിയാമെന്നും കൂടെ വന്നാല്‍ കാണിച്ചുതരാമെന്നും പറഞ്ഞ്‌ യുവതിയെ ഇവര്‍ കൂട്ടികൊണ്ടുപോകുകയായിരുന്നു.

തുടര്‍ന്ന് വിജനമായ പറമ്പില്‍വച്ച്‌ ഇവര്‍ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിനു ശേഷം യുവതിയെ ഉപേക്ഷിച്ച്‌ സ്ഥലംവിട്ടു. യുവതി വരന്തരപ്പിള്ളിയിലുള്ള വീട്ടില്‍ തിരിച്ചെത്തിയ ശേഷം പൊലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ്‌ കാമുകന്‍ പ്രജീഷിനെ ആളൂരില്‍വച്ച്‌ പൊലീസ് അറസ്റ്റുചെയ്തത്. മുനിസിപ്പല്‍ ബസ്‌ സ്റ്റാന്‍ഡില്‍വച്ച്‌ യുവതിയെ കൂട്ടിക്കൊണ്ടുപോയവരെക്കുറിച്ച്‌ പോലീസ്‌ വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.

വെബ്ദുനിയ വായിക്കുക