തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ കാണിക്ക എണ്ണല്‍ ഇനി ക്യാമറയ്ക്കു മുന്നിലാകും നടത്തുക. ഇതിനൊപ്പം കാണിക്ക എണ്ണലിന് ദേവസ്വം വിജിലന്‍സ് സാന്നിദ്ധ്യവുമുണ്ടാവും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധികൃതരുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.
തുടക്കത്തില്‍ മഹാക്ഷേത്രങ്ങള്‍ ഉള്‍പ്പെടെ 100 ക്ഷേത്രങ്ങളിലാവും കാണിക്കയെണ്ണല്‍ ക്യാമറയ്ക്കു മുന്നില്‍ നടത്തുക. ക്യാമറയില്‍ പതിയുന്ന രംഗങ്ങള്‍ ഇന്‍റര്‍നെറ്റ് വഴി ദേവസ്വം ബോര്‍ഡ് ഹെഡ് ഓഫീസില്‍ ഇരുന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിരീക്ഷിക്കാന്‍ കഴിയും വിധമാവും സംവിധാനം ഏര്‍പ്പെടുത്തുക. കാണിക്ക എണ്ണല്‍ സംബന്ധിച്ച് അഴിമതി ഇല്ലാതാക്കാന്‍ ഈ സംവിധാനം ഉപയോഗപ്രദമാവും എന്നാണ് അധികാരികള്‍ പറഞ്ഞത്.
നിലവില്‍ ദേവസ്വം ബോര്‍ഡിന്‍റെ വിജിലന്‍സ് സംവിധാനം വൈക്കം, മാവേലിക്കര എന്നിവിടങ്ങളില്‍ മാത്രമാണുള്ളത്. വിവിധ ക്ഷേത്രങ്ങളില്‍ കാണിക്ക എണ്ണുമ്പോള്‍ ക്യാമറയിലൂടെ ബോര്‍ഡ് ആസ്ഥാനത്ത് ദൃശ്യങ്ങള്‍ കാണുന്നതിനു കഴിയും. ഇതിനൊപ്പം വിജിലന്‍സ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യവും ഇതിനുണ്ടാവും.
അടുത്തിടെ ഹരിപ്പാട് ക്ഷേത്രത്തില്‍ കാണിക്ക എണ്ണുന്ന സമയത്ത് ക്ഷേത്രവാച്ചര്‍ കാണിക്കപ്പണത്തില്‍ നിന്ന് 10,790 രൂപ തിരിമറിയിലൂടെ കൈക്കലാക്കിയിരുന്നത് പിടികൂടിയതാണ് ഇത്തരമൊരു സംവിധാനം ഉണ്ടാക്കാന്‍ ബോര്‍ഡിനെ നിര്‍ബന്ധിതമാക്കിയത്. ശബരിമലയിലെ കാണിക്കയെണ്ണല്‍ ഇപ്പോള്‍ ക്യാമറ ഉപയോഗിച്ച് റിക്കോഡ് ചെയ്യുന്നുണ്ടെങ്കിലും ലൈവ് ആയി അധികാരികള്‍ക്ക് കാണാനാണ് പുതിയ സംവിധാനം ഉണ്ടാക്കുന്നത്.