ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധ ദമ്പതികള്‍ വെട്ടിക്കൊലചെയ്യപ്പെട്ടു. കാഞ്ഞിരപ്പള്ളി പഴയിടം തീമ്പനാല്‍ റിട്ടയേഡ് പിഡബ്ല്യുഡി സൂപ്രണ്ട് ഭാസ്കരന്‍ നായര്‍ (75), ഭാര്യ റിട്ടയേഡ് കെഎസ്ഇബി ജീവനക്കാരി സി പി തങ്കമ്മ (69) എന്നിവരെയാണു വെട്ടിക്കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
വ്യാഴാഴ്ച രാവിലെ കൊല്ലത്തുള്ള ഇവരുടെ മകന്‍ ബിനു വീട്ടില്‍ ഫോണ്‍ വിളിച്ചപ്പോള്‍ ആരും എടുക്കുന്നില്ലെന്ന് മനസ്സിലാക്കി അയല്‍വീട്ടിലെ ആളെ വിളിച്ചു അന്വേഷിക്കാന്‍ ആവശ്യപ്പെട്ടതു പ്രകാരം അയല്‍വാസി ഇവരുടെ വീട്ടില്‍ ചെന്ന് അന്വേഷിക്കവേയാണു കൊലപാതകം നടന്ന സംഭവം പുറത്തറിഞ്ഞത്.
വീട്ടിന്‍റെ മുന്‍ വാതില്‍ അടച്ചിരുന്നതിനാല്‍ വീടിനു പുറകുവശത്ത് നോക്കിയപ്പോള്‍ അടുക്കള വാതില്‍ തുറന്നു കിടന്നിരുന്നു. ഇതില്‍ കൂടി അകത്തുകടന്ന അയല്‍ക്കാരന്‍ ദമ്പതികള്‍ ഇരുവരും രക്തത്തില്‍ കുളിച്ചുമരിച്ചു കിടക്കുന്നതാണു കണ്ടത്.
ഉടന്‍ തന്നെ വിവരം പൊലീസില്‍ അറിയിച്ചു. പൊലീസ് സംഘം സംഭവ സ്ഥലത്തെത്തി ഇന്‍ക്വിസ്റ്റ് തയ്യാറാക്കി അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച രാത്രിയില്‍ കൊല നടന്നതാകാമെന്ന് കരുതുന്നതായി പൊലീസ് പറയുന്നു. രാത്രി ദമ്പതികള്‍ ആഹാരം കഴിച്ച സമയത്താവാം സംഭവം നടന്നതെന്നാണു സൂചന.
ചോറും ചപ്പാത്തിയും മറ്റും ചിതറിക്കിടപ്പുണ്ട്. ദമ്പതികള്‍ ഇരുവരും കഴുത്തിനും തലയ്ക്കും വെട്ടേറ്റാണു മരിച്ചിരിക്കുന്നത്. തങ്കമ്മയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. വീട്ടിനുള്ളിലെ അലമാരി, മേശ എന്നിവകളിലെ സാധനങ്ങള്‍ വലിച്ചുവാരി ഇട്ടിരിക്കുകയാണ്. മോഷണ ശ്രമത്തിനിടെ കൊല നടന്നതാവാനാണു സാധത എന്നു കരുതുന്നു.
കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ബി സുരേഷ് കുമാറിന്‍റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ 20 വര്‍ഷങ്ങളായി ഇവര്‍ ഇവിടെ താമസിച്ചുവരികയാണ്.