കലാഭവന്‍ മണി അന്തരിച്ചു

ഞായര്‍, 6 മാര്‍ച്ച് 2016 (20:10 IST)
പ്രമുഖ ചലച്ചിത്രതാരം കലാഭവന്‍ മണി അന്തരിച്ചു. എറണാകുളം അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗ ബാധയെത്തുടര്‍ന്ന് ഇന്നലെയാണ് മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈകുന്നേരത്തോടെ മണിയെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. രാത്രി 7.15 ഓടെയാണ്  ആശുപത്രി അധികൃതര്‍ മരണം സ്ഥിതീകരിച്ചത്.
 
മണിയുടെ ആരോഗ്യാവസ്ഥയെ കുറിച്ച് സുഹൃത്തുക്കള്‍ക്ക് പോലും അറിവുണ്ടായിരുന്നില്ല. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മണി മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ പോലും കഴിഞ്ഞ ദിവസങ്ങളില്‍ വന്നിരുന്നു.
 
നാടന്‍ പാട്ടിലൂടെയും, മിമിക്രിയിലൂടെയും ആണ് മണി മലയാള സിനിമ ലോകത്തേക്ക് കടന്നു വന്നത്. അക്ഷരം എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. നിരവധി തമാശവേഷങ്ങളിലൂടെ മലയാളിയുടെ സ്വന്തം താരമായി മണി മാറി. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലെ രാമു എന്ന കഥാപാത്രം, ദേശീയ-സംസ്ഥാന തലത്തില്‍ പ്രത്യേക ജൂറി അവാര്‍ഡിന്  മണിയെ അര്‍ഹനാക്കി. കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ പാടി പ്രചരിച്ചിരുന്ന നാടന്‍ പാട്ടുകളും പുതിയ തലമുറയിലെ സിനിമാ സംഗീതത്തിനു സമാന്തരമായി ശ്രീ അറുമുഖന്‍ വെങ്കിടങ്ങ് എഴുതിയ നാടന്‍ വരികളും നാടന്‍ ശൈലിയില്‍ത്തന്നെ അവതരിപ്പിച്ചായിരുന്നു മണി ജന ശ്രദ്ധ പിടിച്ചുപറ്റിയത്. 
 
മലയാളത്തിന് പുറമെ, തമിഴ്, തെലുങ്ക് ഭാഷകളിലും മണി ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഹാസ്യതാരമെന്ന നിലയില്‍നിന്ന് സ്വഭാവ നടനായും വില്ലന്‍ കഥാപാത്രമായും എല്ലാ വേഷങ്ങളിലും മികച്ച നടനെന്ന നിലയില്‍ മണി കഴിവ് പ്രകടിപ്പിച്ചിരുന്നു. നിമ്മിയാണ് മണിയുടെ ഭാര്യ. വാസന്തിലക്ഷ്മിയെന്നാണ് ഏകമകളുടെ പേര്. 

വെബ്ദുനിയ വായിക്കുക