കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായി ടിവി അവതാരകനും മണിയുടെ സുഹൃത്തുമായ സാബു മോന്‍ രംഗത്ത്. കുടുംബവുമായി മണിക്ക് ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇക്കാരണത്താലാണ് മരിക്കും മുന്‍പ് രണ്ടാഴ്ച്ചത്തോളം പാഡിയില്‍ താമസിച്ചതെന്ന് സംശയിക്കേണ്ടിയിരുക്കുന്നുവെന്നും സാബു പറഞ്ഞു. ഇപ്പോള്‍ തനിക്കെതിരെ മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. സഹോദരനെ നഷ്ടപ്പെട്ടയാളുടെ വികാര പ്രകടനമായേ താന്‍ അതിനെ കാണുന്നുള്ളൂ എന്നും സാബു വ്യക്തമാക്കി.
പാഡി എന്ന മണിയുടെ ഗസ്റ്റ് ഹൌസില്‍ താന്‍ ആദ്യമായാണ് പോയത്. താന്‍ അവിടെ സ്ഥിരം സന്ദര്‍ശകനല്ല. ജാഫര്‍ ഇടുക്കി നിര്‍ബന്ധിച്ചത് കൊണ്ടുമാത്രമാണ് താനന്നവിടെ പോയതെന്നും സാബു പറഞ്ഞു. പതിവിലും ആരോഗ്യവനായാണ് മണിയെ അന്ന് കണ്ടത്. എന്നാല്‍ മണിക്ക് കരള്‍ രോഗമുള്ളതായി തനിക്ക് അറിയില്ലായിരുന്നുവെന്നും സാബു വ്യക്തമാക്കി.
അതേസമയം, മണിയുടെ മരണം സംബന്ധിച്ച് സഹായികളായ മൂന്ന് പേരെ സംശയിക്കുന്നതില്‍ ന്യായമുണ്ടെന്ന് ഡ്രൈവര്‍ പീറ്റര്‍ വ്യക്തമാക്കി. മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് തന്നെ അറിയിച്ചിരുന്നില്ല. ശേഷം മറ്റുള്ളവര്‍ തിരികെ വന്ന് പാഡി വൃത്തിയാക്കിയതും ദുരൂഹത വര്‍ദിപ്പിക്കുന്നതായി പീറ്റര്‍ പറഞ്ഞു. എന്നാല്‍ പാഡിയില്‍ ചാരായം കൊണ്ടുവന്നതായി തനിക്ക് അറിവില്ലെന്നും പീറ്റര്‍ വ്യക്തമാക്കി.
അതേസമയം, മണിയുടെ മരണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കുമെന്ന് സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍ പറഞ്ഞു. രാസപരിശോധന ഫലത്തിനായി കാത്തിരിക്കുകയാണെന്നും രാമകൃഷ്ണന്‍ പറഞ്ഞു.