കരുനാഗപ്പള്ളി ദുരന്തം: മരിച്ചവരുടെ എണ്ണം പത്തായി

ബുധന്‍, 13 ജനുവരി 2010 (10:39 IST)
PRO
PRO
കൊല്ലം കരുനാഗപ്പള്ളിയില്‍ പാചക വാതക ടാങ്കര്‍ ലോറി മറിഞ്ഞുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി. ദുരന്തത്തില്‍ ഗുരുതരമായി പരുക്കേറ്റ ശൂരനാട്‌ സ്വദേശി തുളസീധരനാണ്‌ മരിച്ചത്‌.

കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി മൂന്നു പേരാണ് മരണത്തിന് കീഴടങ്ങിയത്. ഡിസംബര്‍ 31നു പുലര്‍ച്ചെയാണ് ദേശീയപാതയില്‍ വാതക ടാങ്കര്‍ ദുരന്തമുണ്ടായത്. മംഗലാപുരം റിഫൈനറിയില്‍നിന്ന് പാരിപ്പള്ളിയിലെ ഐ ഒ സി പ്ലാന്‍റിലേക്ക് പോകുകയായിരുന്ന 18 ടണ്‍ പാചകവാതകം നിറച്ച ടാങ്കര്‍ലോറിയും തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍നിന്ന് ഓച്ചിറയ്ക്ക് പോവുകയായിരുന്ന കാറുമായിരുന്നു പുത്തന്‍തെരുവില്‍ കൂട്ടിയിടിച്ചത്.

ഒരു പോലീസ് ജീപ്പും 15 കടകളും 50 ബൈക്കുകളും സ്‌ഫോടനത്തില്‍ കത്തിനശിച്ചിരുന്നു. പരുക്കേറ്റ നിരവധി പേര്‍ ഇപ്പോഴും ചികിത്സയിലാണ്.

ദുരന്തത്തില്‍ പൊള്ളലേറ്റ അസം സ്വദേശി ദശരഥദാസ്‌ (42) ഇന്നലെ മരിച്ചിരുന്നു. ചവറ പൊലീസ്‌ സ്റ്റേഷനിലെ രണ്ടു കോണ്‍സ്റ്റബിള്‍മാരും പ്രദേശവാസികളായ അഞ്ചു പേരും ആയൂര്‍ സ്വദേശിയായ ഒരാളുമാണു നേരത്തെ മരിച്ചത്‌.

വെബ്ദുനിയ വായിക്കുക