കരിപ്പൂരില്‍ കാസര്‍ഗോഡ് സ്വദേശിയുടെ ബാഗില്‍നിന്നും 2 കിലോസ്വര്‍ണ്ണം പിടികൂടി

ബുധന്‍, 24 ജൂലൈ 2013 (15:37 IST)
PRO
കരിപ്പൂര്‍ വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ ദുബായില്‍ നിന്നു വന്ന യാത്രക്കാരനില്‍ നിന്ന് അനധികൃതമായി കൊണ്ടുവന്ന 2 കിലോ സ്വര്‍ണ്ണം പിടികൂടി. ഇതിന്‌ 54 ലക്ഷം രൂപാ വിലവരും. കാസര്‍ഗോഡ് സ്വദേശിയായ യാത്രക്കാരന്‍ ബാഗിനുള്ളില്‍ സൂക്ഷിച്ചിരുന്ന ഇലക്ട്രോണിക് സാധനങ്ങള്‍ക്കിടയില്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു സ്വര്‍ണ്ണം.

ഈ ആഴ്ച തന്നെ മറ്റ് രണ്ടു പേരില്‍ നിന്നും ഇത്തരത്തിലുള്ള 3 കിലോ സ്വര്‍ണ്ണം കൂടി അധികൃതര്‍ പിടിച്ചെടുത്തിരുന്നു. സ്വര്‍ണ്ണവിലയിലുണ്ടായ വ്യത്യാസം കാരണം സ്വര്‍ണ്ണം കൊണ്ടുവരുന്നതില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു

അനധികൃതമായി സ്വര്‍ണ്ണം എത്തിക്കാന്‍ ഏജന്‍റുമാരും ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതായി അധികൃതര്‍ പറയുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇത്തരത്തില്‍ കൊണ്ടുവന്ന 19 കിലോ സ്വര്‍ണ്ണമാണു പിടികൂടിയത്.

വെബ്ദുനിയ വായിക്കുക