കരിഓയില്‍ പ്രയോഗം: കെ എസ് യു ജില്ലാ സെക്രട്ടറിയെ പുറത്താക്കി

ചൊവ്വ, 5 ഫെബ്രുവരി 2013 (17:08 IST)
PRO
സംസ്ഥാന ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ക്കെതിരെ കരി ഓയില്‍ ഒഴിച്ചതുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടറിയെ കെ എസ് യു നേതൃത്വം പുറത്താക്കി. തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി സി പി നൂറുദീനെയാണ് പുറത്താക്കിയത്.

ചൊവ്വാഴ്ച രണ്ടരയോടെയാണ് ഉപരോധത്തിനിടെ ഡയറക്ടര്‍ കേശവേന്ദ്രകുമാറിന്റെ ശരീരത്തില്‍ കെ എസ് യു പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിച്ചത്. ജില്ലാ സെക്രട്ടറി സി പി നൂറുദ്ദീന്റെ നേതൃത്വത്തില്‍ ഓഫീസിലെത്തിയ കെ എസ് യു സംഘം നേരെ ഡയറക്ടറുടെ റൂമിലേക്ക് പ്രവേശിക്കുകയായിരുന്നു.

ഹയര്‍ സെക്കന്‍ഡറി ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കാനാണ് എത്തിയതെന്ന് സംഘം പറഞ്ഞു. ഡയറക്ടര്‍ പ്രവര്‍ത്തകരുമായി ചര്‍ച്ചനടത്തുന്നതിനിടെയാണ് കയ്യില്‍ കരുതിയിരുന്ന കരി ഓയില്‍ പ്രവര്‍ത്തകര്‍ ഒഴിച്ചു. ഡയറക്ടര്‍ ഒരു മണിക്കൂറോളം കരി ഓയിലില്‍ കുളിച്ച് നില്‍ക്കേണ്ടി വന്നു.

കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍നിന്ന് ഏറെ നേരം കഴിഞ്ഞാണ് പൊലീസ് എത്തിയത്. പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു മാറ്റി. ഇവര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക