അഴിമതിസംബന്ധിച്ച് വകുപ്പുതല അന്വേഷണത്തിന് മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഭരണസമിതിയെ തന്നെ പിരിച്ചുവിട്ടുകൊണ്ട് സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നത്. 100 കോടിയുടെ അഴിമതി കണ്‍സ്യൂമര്‍ഫെഡില്‍ നടന്നതായി ബോധ്യപ്പെട്ടതോടെ പുതിയ തീരുമാനം കോണ്‍ഗ്രസ് രാഷ്ട്രീയത്തെ കൂടുതല്‍ ചൂടുപിടിപ്പിക്കുമെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നത്.
50 കോടി രൂപയുടെ അഴിമതിയാണ് സതീശന്‍ പാച്ചേനി അധ്യക്ഷനായ ഉപസമിതി റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇതിലും ഗുരുതരമായ ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. വെറും 50 കോടി രൂപയുടെ ബാധ്യത മാത്രമുണ്ടായിരുന്ന കണ്‍സ്യൂമര്‍ ഫെഡിനെ 1500 കോടിയുടെ ബാധ്യതയിലേക്ക് തള്ളിവിട്ടതിനേക്കുറിച്ച് സി ബി ഐ അന്വേഷണമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.
കണ്‍സ്യൂമര്‍ഫെഡില്‍ വലിയ അഴിമതി നടന്നതായുള്ള സ്ഥിരീകരണമാണ് ഭരണസമിതി സസ്പെന്‍ഡ് ചെയ്ത നടപടിയിലൂടെ സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. നടപടിയെടുക്കാതിരിക്കാനാവില്ല എന്നുറപ്പായതോടെയാണ് രജിസ്ട്രാര്‍ ഭരണസമിതി പിരിച്ചുവിട്ടത്. ഇതോടെ കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള പോര് പുതിയ ഘട്ടത്തിലേക്ക് കടക്കുമെന്ന് ഉറപ്പാണ്.
രജിസ്ട്രാറുടെ നടപടിയെക്കുറിച്ച് അറിയില്ലെന്നും പ്രതികരിക്കാനില്ലെന്നും കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ ജോയ് തോമസ് പറഞ്ഞു. എന്നാല്‍ താന്‍ ആവശ്യപ്പെട്ട നടപടി തന്നെയാണ് ഉണ്ടായിരിക്കുന്നതെന്ന് ടോമിന്‍ തച്ചങ്കരി പ്രതികരിച്ചു. വകുപ്പുതലത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് സതേശന്‍ പാച്ചേനിയും പറഞ്ഞു.