കണ്ണ് നല്‍കാന്‍ ആത്മഹത്യ, കണ്ണ് വേണ്ടെന്ന് സ്റ്റാര്‍സിംഗര്‍ ബാബു!

ചൊവ്വ, 25 ജനുവരി 2011 (16:31 IST)
PRO
ഏഷ്യാനെറ്റിന്‍റെ സ്റ്റാര്‍ സിംഗറിലൂടെ പ്രശസ്തനായ അന്ധ ഗായകന്‍ ബാബു പത്‌മനാഭന്‍ അന്ധനായിത്തന്നെ തുടരാന്‍ തീരുമാനിച്ചു. തനിക്ക് കണ്ണുകള്‍ നല്‍കാനായി ആത്‌മഹത്യ ചെയ്തയാളുടെ കണ്ണുകള്‍ തനിക്ക് വേണ്ടെന്നാണ് ബാബുവിന്‍റെ തീരുമാനം. സ്റ്റാര്‍ സിംഗറില്‍ അവസരം ലഭിച്ചതും ഇത്രയധികം ആരാധകരെ ലഭിച്ചതും അന്ധനായതു കൊണ്ടാണെന്നും അതുകൊണ്ടുതന്നെ അന്ധനായി തുടരാനാണ് ആഗ്രഹിക്കുന്നതെന്നുമാണ് ബാബു പറയുന്നത്.

കൊല്ലം കടയ്‌ക്കല്‍ സ്വദേശിയായ സുശീലന്‍(52) തന്‍റെ കണ്ണുകള്‍ സ്റ്റാര്‍ സിംഗറിലെ അന്ധഗായകനായ ബാബുവിന് നല്‍കണമെന്ന് കത്തെഴുതി വച്ച ശേഷം കഴിഞ്ഞ വെള്ളിയാഴ്ച തൂങ്ങി മരിക്കുകയായിരുന്നു. നൂറു രൂപയുടെ മുദ്രപ്പത്രത്തിലാണ് സുശീലന്‍ തന്‍റെ സമ്മതം എഴുതിവച്ചത്.

ബാബുവിന്‍റെ വലിയ ആരാധകനായിരുന്നു സുശീലന്‍. ബാബു അന്ധനാണെന്നത് സുശീലനെ ഏറെ ദുഃഖിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ബാബുവിന് നല്‍കാനായി, ബന്ധുക്കളുടെ സമ്മതത്തോടെ സുശീലന്‍റെ കണ്ണുകള്‍ തിരുവനന്തപുരത്തെ കണ്ണാശുപത്രിക്ക് നല്‍കുകയായിരുന്നു.

എന്നാല്‍ തനിക്ക് ഇനി കാഴ്ച വേണ്ടെന്നാണ് ബാബു നിലപാട് സ്വീകരിച്ചത്. ഇത്രകാലവും കാഴ്‌ചയില്ലാതെ ജീവിച്ച തനിക്ക്‌ ഇനിയും അങ്ങനെ ജീവിച്ചാല്‍ മതിയെന്ന് ബാബു ഏഷ്യാനെറ്റ്‌ അധികൃതരെ അറിയിച്ചു‌. ഇതോടെ സുശീലന്‍റെ കണ്ണുകള്‍ മറ്റാര്‍ക്കെങ്കിലും നല്‍കാനാണ് ആശുപത്രി അധികൃതര്‍ ആലോചിക്കുന്നത്.

കായംകുളം സ്വദേശിയായ ബാബു പത്‌മനാഭന്‍ തെരുവുഗായകനായിരിക്കവേയാണ് സ്റ്റാര്‍ സിംഗര്‍ സീസണ്‍ - 5ലേക്ക് അവസരം ലഭിക്കുന്നത്.

(ചിത്രത്തിന് കടപ്പാട് - ഏഷ്യാനെറ്റ്)

വെബ്ദുനിയ വായിക്കുക