കണ്ണൂര്‍ അന്താരാഷ്ട്ര വിമാ‍നത്താവളം മുതല്‍ക്കൂട്ട്: മുഖ്യമന്ത്രി

വെള്ളി, 17 ഡിസം‌ബര്‍ 2010 (13:10 IST)
കണ്ണൂരിലെ വിനോദസഞ്ചാര മേഖലയുടെ വിപുലീകരണത്തിന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം മുതല്‍ക്കൂട്ടാകുമെന്ന് മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍. വിമാനത്താവളത്തിന് തറക്കല്ലിട്ടുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഷങ്ങളായി ഇവിടുത്തെ ജനങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന സ്വപ്നപദ്ധതിയാണ് ഇതോടെ യാഥാര്‍ഥ്യത്തിലേക്ക് അടുക്കുന്നത്.

കേന്ദ്രവ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേല്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. വ്യോമയാന മേഖലയില്‍ വന്‍ തൊഴിലവസരങ്ങളാണ് വരാന്‍ പോകുന്നതെന്ന് അധ്യക്ഷപ്രസംഗത്തില്‍ മന്ത്രി പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. മലബാറിലെ 80 ശതമാനത്തിലേറെ വരുന്ന പ്രവാസികള്‍ക്ക് ഈ വിമാനത്താവളം അനുഗ്രഹമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്ര റയില്‍വേസഹമന്ത്രി ഇ അഹമ്മദ്, കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, സംസ്ഥാന മന്ത്രിമാരായ തോമസ്‌ ഐസക്‌, കെ പി രാജേന്ദ്രന്‍, കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണി, എ പി അബ്ദുള്ള കുട്ടി എം എല്‍ എ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. അസുഖം കാരണം പിണറായി വിജയന്‍ ചടങ്ങില്‍ പങ്കെടുത്തില്ല.

2061 ഏക്കറിലാണ്‌ കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മ്മാണം. മൂന്നുവര്‍ഷം കൊണ്ടു നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ലക് ഷ്യമിടുന്ന വിമാനത്താവളത്തിന്‌ 1200 കോടി രൂപയാണ്‌ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌. രാജ്യത്തെ ആദ്യ പരിസ്ഥിതി സൗഹൃദ വിമാനത്താവളം, 3400 മീറ്റര്‍ റണ്‍വെ, സമാന്തരമായി ഇതേ നീളത്തില്‍ പാര്‍ക്കിങ്‌ ബേയിലേക്കുള്ള ടാക്സി ട്രാക്ക്‌, കണ്‍വന്‍ഷന്‍ സെന്റര്‍, വന്‍കിട വ്യാപാര കേന്ദ്രങ്ങള്‍, വിമാന അറ്റകുറ്റപ്പണിക്കുള്ള മെയിന്റനന്‍സ്‌ ഹാങ്ങര്‍ തുടങ്ങിയവയും കണ്ണൂര്‍ വിമാനത്താവളത്തിന്റെ സവിശേഷതയാണ്‌.

ഒരേസമയം ആയിരം യാത്രക്കാരെ കൈകാര്യം ചെയ്യാവുന്ന തരത്തില്‍ രാജ്യാന്തര, ആഭ്യന്തര ടെര്‍മിനലുകള്‍ യോജിപ്പിച്ചായിരിക്കും വിമാനത്താവളം നിര്‍മ്മിക്കുക. സംസ്ഥാനത്തെ നാലാമത്തെയും ഏറ്റവും വലുതും ആധുനികവുമായ വിമാനത്താവളത്തിനാണ്‌ മുഖ്യമന്ത്രി തറക്കല്ലിട്ടത്.

വെബ്ദുനിയ വായിക്കുക