കണ്ണൂരില്‍ തടവുകാര്‍ രക്ഷപ്പെട്ടതില്‍ ജയില്‍ ജീവനക്കാര്‍ക്ക് വീഴ്ച പറ്റിയെന്ന് എ ഡി ജി പി അലക്സാണ്ടര്‍ ജേക്കബ്. തടവു ചാടിയ പ്രതികള്‍ തടവു ചാടുന്ന ദിവസം രാത്രി പത്തര വരെ ജയിലിലുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികള്‍ പൈപ്പ് ഒടിച്ചെടുത്തതിന്‍റെ ശബ്ദം ആരും കേള്‍ക്കാതിരുന്നത് അത്ഭുതകരമാണ്. ഏഴടി ഉയരമുള്ള ഭാഗത്തുകൂടിയാണ് പ്രതികള്‍ രക്ഷപെട്ടത്. ഇരുമ്പഴി ഉറപ്പിച്ചിരുന്നത് മരത്തിന്മേലായിരുന്നു. ഇതുകൊണ്ടാണ് അഴിച്ചെടുക്കാന്‍ കഴിഞ്ഞതെന്നും അലക്സാണ്ടര്‍ ജേക്കബ് പറഞ്ഞു.
ജയിലിനു സമീപമുള്ള കാനയ്ക്കു സമീപം കാലടയാളങ്ങള്‍ കാണാനുമുണ്ട്. റിമാന്‍ഡ് വിചാരണതടവുകാരായ 53 പേരെ കണ്ണൂര്‍ ജയിലില്‍ നിന്ന് ചീമേനി തുറന്ന ജയിലിലേക്ക് മാറ്റുമെന്നും എ ഡി ജി പി അറിയിച്ചു.
അതേസമയം, സെന്‍ട്രല്‍ ജയിലില്‍നിന്നും തടവുചാടിയ കാസര്‍കോട് പനയാല്‍ പെരിയാട്ടടുക്കം സ്വദേശി ടി എച്ച് റിയാസ് (26), തൃശ്ശൂര്‍ മാള പള്ളിപ്പുറം ചെന്തുരത്തിയില്‍ കുറുപ്പന്‍ പറമ്പില്‍ ജയാനന്ദന്‍ (42) എന്നിവര്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.